'ഹിന്ദുക്കള്‍ പിറന്നാളിന് കേക്ക് മുറിക്കരുത്, മെഴുകുതിരി കത്തിക്കരുത്'; സനാതന ധര്‍മ്മം സംരക്ഷിക്കാന്‍ കാളിയുടെ പേരില്‍ പ്രതിജ്ഞ ചെയ്യണമെന്ന് കേന്ദ്രമന്ത്രി

സനാതന ധര്‍മ്മം കാത്തു സൂക്ഷിക്കുന്നതിനായി ഹിന്ദുക്കള്‍ പിറന്നാളിന് കേക്ക് മുറിക്കുകയോ മെഴുകുതിരി കത്തിക്കുകയോ ചെയ്യരുതെന്ന് നിര്‍ദേശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. സനാതന ധര്‍മ്മവും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കുമെന്ന് കാളിയുടെ പേരില്‍ പ്രതിജ്ഞ ചെയ്യണം. സനാതന ധര്‍മ്മം സംരക്ഷിക്കുന്നതിനായി കുട്ടികളെ രാമായണം, ഗീത, ഹനുമാന്‍ ചാലിസ എന്നിവ പഠിപ്പിക്കണമെന്നും ഞായറാഴ്ച തലസ്ഥാനത്ത് നടന്ന ഒരു പരിപാടിക്കിടെ   കേന്ദ്രമന്ത്രി പറഞ്ഞതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

മിഷനറി സ്‌കൂളുകളില്‍ പോകുന്ന കുട്ടികള്‍ സനാതന്‍ ധര്‍മ്മയില്‍ നിന്ന് വ്യത്യസ്തമായി ക്രിസ്ത്യന്‍ രീതികളാണ് പഠിക്കുന്നത്. മറ്റ് മതങ്ങളിലെ വിശ്വാസികള്‍ ഞായറാഴ്ച ആരാധനാലയങ്ങളില്‍ പോകുകയും വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നു. അവരുടെ മതങ്ങളെ കുറിച്ച് മക്കളേയും പ്രത്യേകം പരിശീലനവും പഠനവും നല്‍കുന്നു. എന്നാല്‍ ഹിന്ദു കുട്ടികള്‍ ക്രിസ്തുവിന്റെ പ്രതിമ സ്ഥാപിച്ച മിഷനറി സ്‌കൂളുകളില്‍ അഡ്മിഷന്‍ എടുക്കുന്നു. തിരികെ വരുമ്പോള്‍ നെറ്റിയില്‍ തിലകക്കുറിയും മറ്റും വേണ്ടെന്ന് പറയുകയും ചെയ്യുന്നുവെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു.