മറാത്ത സംവരണം ഭരണഘടന വിരുദ്ധം; റദ്ദാക്കി സുപ്രീംകോടതി

മറാത്ത സംവരണം സുപ്രീംകോടതി റദ്ദാക്കി. 50 ശതമാനത്തിലധികം സംവരണം നൽകേണ്ട സാഹചര്യം ഇല്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇന്ദിര സാഹ്നി വിധി പുനഃപരിശോധിക്കേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസ് അശോക് ഭൂഷന്‍ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് വിധി. സംവരണത്തിന്‍റെ അടിസ്ഥാനം സാമൂഹിക, സാംസ്‌കാരിക പിന്നോക്കാവസ്ഥ ആയിരിക്കണമെന്ന നിര്‍ണായകമായ നിരീക്ഷണത്തോടെയാണ് സുപ്രീംകോടതിയുടെ വിധി. മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗത്തെ പിന്നോക്ക വിഭാഗമായി പരിഗണിച്ച് സംവരണം നല്‍കാനുള്ള നിയമമാണ് കോടതി റദ്ദാക്കിയത്.

2017ലാണ് മറാത്ത വിഭാഗത്തിന് തൊഴിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കാന്‍ മഹാരാഷ്ട്ര നിയമസഭ നിയമം പാസ്സാക്കിയത്. ഈ നിയമം ചോദ്യംചെയ്തുള്ള ഹർജികളിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. മറാത്ത സംവരണം നടപ്പിലാക്കിയാല്‍ സംവരണം 65 ശതമാനമായി ഉയരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Read more

സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം 50 ശതമാനം കടക്കാമെന്ന നിലപാടാണ് കേരളം സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണം. ഇന്ദിരാ സാഹ്നി വിധി പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെടുകയുണ്ടായി. സംവരണത്തില്‍ വിവിധ സംസ്ഥാനങ്ങളുടെ നിലപാട് ചോദിച്ചപ്പോഴാണ് കേരളം ഇക്കാര്യം കോടതിയെ അറിയിച്ചത്.