പണം സമയത്ത് അടയ്ക്കാന്‍ കഴിഞ്ഞില്ല; ലോണ്‍ ആപ്പ് സംഘം യുവതിയുടേയും കുട്ടികളുടേയും ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; നാലംഗ കുടുംബം ജീവനൊടുക്കി

അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി മൂലം ആന്ധ്രയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ശാന്തി നഗര്‍ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുര്‍ഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നവരാണ് ജീവനൊടുക്കിയത്.

രണ്ട് മാസം മുമ്പ് ഇവര്‍ മുപ്പതിനായിരം രൂപ ലോണ്‍ ആപ്പ് സംഘത്തില്‍ നിന്നും കടമായി വാങ്ങിയിരുന്നു. പിന്നീട് കഴിഞ്ഞ ദിവസങ്ങളിലായി പതിനായിരം രൂപ കുടുംബം തിരികെ അടച്ചു. എന്നാല്‍ തുക പലിശയടക്കം വീണ്ടും ഉയര്‍ന്നു.

തിരികെ അടക്കാന്‍ കഴിയാതെ വന്നതോടെ ലോണ്‍ ആപ്പ് സംഘം രമ്യ ലക്ഷ്മിയുടേയും മക്കളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു. വീട്ടമ്മയുടെയും കുട്ടികളുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വാട്‌സ് ആപ്പ് വഴിയാണ് ഇവരുടെ ബന്ധുക്കള്‍ക്ക് അയച്ചത്. ഇതിനാലാണ് കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്തത്.

രാജ്യത്ത് അനധികൃത ലോണ്‍ ആപ്പുകള്‍ക്ക് നിയന്ത്രണം വരുന്നു ; പട്ടിക തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് കേന്ദ്രം

രാജ്യത്ത് മാനദണ്ഡങ്ങളില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം. ഇതിന്റെ ഭാഗമായി നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാന്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ദുര്‍ബലരായ ഉപയോക്താക്കളെ ചൂഷണം ചെയ്യാന്‍ നിയമവിരുദ്ധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരെ തടയുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

റിസര്‍വ് ബാങ്ക് തയ്യാറാക്കുന്ന പട്ടികയിലെ ആപ്പുകള്‍ മാത്രമാണ് ഫോണുകളിലെയും മറ്റും പ്ലേസ്റ്റോറുകളിലും ആപ്പ് സ്റ്റോറുകളിലും ഇടംപിടിക്കുന്നുള്ളൂ എന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഉറപ്പാക്കും. ഇന്നലെ ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു പുതിയ തീരുമാനം.

അനധികൃത ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട് വര്‍ധിച്ചു വരുന്ന കേസുകളില്‍ നിര്‍മ്മല സീതാരാമന്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം കുറ്റവാളികള്‍ നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, വിവരങ്ങള്‍ ചോര്‍ത്തലും ഉള്‍പ്പടെ നടത്താന്‍ സാധ്യതയുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

ഉപഭോക്താക്കള്‍, ബാങ്ക് ജീവനക്കാര്‍, നിയമ നിര്‍വഹണ ഏജന്‍സികള്‍ തുടങ്ങിയവര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ സൈബര്‍ അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.