പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ചരക്കു ട്രെയിൻ സിഗ്നൽ മറികടന്ന് കാഞ്ചൻജംഗ എക്‌സ്പ്രസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാഞ്ചൻജംഗ എക്‌സ്പ്രസിന്റെ 3 ബോഗികൾ പൂർണമായും തകർന്നിട്ടുണ്ട്.
അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽദയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസാണ് അപകടത്തിൽപ്പെട്ടത്. പിന്നിൽ നിന്ന് വന്ന ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാഞ്ചൻജംഗ എക്‌സ്പ്രസിൻ്റെ രണ്ട് കോച്ചുകൾ പാളം തെറ്റിയിട്ടുണ്ട്.
ന്യൂ ജൽപായ്ഗുരിക്ക് സമീപമുള്ള രംഗപാണി സ്റ്റേഷന് സമീപം അപകടം നടന്നത്. ചരക്കു ട്രെയിനും കാഞ്ചൻജംഗ എക്‌സ്പ്രസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. രാവിലെ 9.30 ഓടെയായിരുന്നു അപകടം. തകർന്ന കോച്ചിനുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.
#WATCH | Goods train rams into Kanchenjunga Express train in Darjeeling district in West Bengal, several feared injured
Details awaited. pic.twitter.com/8rPyHxccN0
— ANI (@ANI) June 17, 2024
ബംഗാളിനെ വടക്കുകിഴക്കൻ നഗരങ്ങളായ സിൽച്ചാർ, അഗർത്തല എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രതിദിന ട്രെയിനാണ് കാഞ്ചൻജംഗ എക്സ്പ്രസ്. വടക്കുകിഴക്കിനെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ചിക്കൻ നെക്ക് ഇടനാഴിയിലാണ് ഈ റൂട്ട്. ഈ ലൈനിലെ അപകടം മറ്റ് നിരവധി ട്രെയിനുകളുടെ ചലനത്തെ ബാധിച്ചേക്കാം. അതേസമയം ഡോക്ടർമാരും ദുരന്തനിവാരണ സേനയും സംഭവസ്ഥലത്ത് എത്തിയതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. ട്രെയിൻ അപകടം ഞെട്ടലുണ്ടാക്കിയെന്നും മമത പറഞ്ഞു.