'വേദനയുണ്ട്, പക്ഷേ എനിക്ക് എന്തുചെയ്യാൻ കഴിയും,' ഉപഭോക്താവിന്റെ വർഗ്ഗീയ നിലപാടിനെക്കുറിച്ച് സൊമാറ്റോ ഡെലിവറി ബോയ്

ഡെലിവറി ബോയ് അഹിന്ദുവായതിന്റെ പേരില്‍ സെമാറ്റോയില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത ഭക്ഷണം  മടക്കി അയക്കുകയും, ഓൺ ലൈൻ ഭക്ഷണ ഡെലിവറി സ്ഥാപനമായ സൊമാറ്റോക്കെതിരെ അമിത് ശുക്ല എന്ന ഈ യുവാവ് കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെ ജീവനക്കാരന്റെ ഒപ്പം നിലകൊണ്ട് പരാതിക്കാരനായ യുവാവിനെ വിമർശിച്ച് സൊമാറ്റോ തക്കതായ മറുപടി നൽകിയിരുന്നു. ഈ സംഭവത്തിലെ ഡെലിവറി ബോയ് ഫയാസിന്റെ പ്രതികരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

സംഭവത്തിൽ തനിക്ക് വേദനയുണ്ടെന്നും എന്നാൽ എന്തുചെയ്യാൻ കഴിയും ഇത്തരം കാര്യങ്ങളെല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ട ദരിദ്രരാണ് തങ്ങളെന്നുമാണ്  ഡെലിവറി ബോയ് പ്രതികരിച്ചിരിക്കുന്നത്. ഓർഡർ നൽകിയ വ്യക്തിയെ അയാളുടെ വീടിന്റെ സ്ഥാനം അറിയാൻ താൻ വിളിച്ചു.  എന്നാൽ അദ്ദേഹം ഓർഡർ റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു എന്നും ഫയാസ് പറഞ്ഞു. ഉപഭോക്താവിന്റെ വർഗീയ നിലപാടിനെ ചൊല്ലി സാമൂഹ്യ മാധ്യമങ്ങളിൽ വലിയരീതിയിലുള്ള ചർച്ച ഉടലെടുത്തിരുന്നു.

ജബൽപൂർ നിവാസിയായ അമിത് ശുക്ല നൽകിയ ഭക്ഷണത്തിന്റെ ഓർഡർ പൂർത്തിയാക്കാൻ ഫയാസ് എന്ന യുവാവിനേയാണ് ഡെലിവറി ഏജന്റായി സൊമാറ്റോ അയച്ചത്. എന്നാൽ ഭക്ഷണം മടക്കിയയച്ച യുവാവ് സൊമാറ്റോക്കെതിരി രംഗത്തെത്തുകയായിരുന്നു.

“ഡെലിവറി എക്സിക്യൂട്ടീവായി വന്നത് ഒരു അഹിന്ദുവായതിനാല്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തു. ഡെലിവറി ബോയിയെ മാറ്റാനാവില്ലെന്നാണ് അവര്‍ പറഞ്ഞത്. കാന്‍സല്‍ ചെയ്തതിനാൽ പണം തിരികെ നൽകാനാവില്ലെന്നും അവര്‍ പറയുന്നു. ഡെലിവറി സ്വീകരിക്കണമെന്ന് പറഞ്ഞ് എന്നെ നിര്‍ബന്ധിക്കാന്‍ നിങ്ങള്‍ക്കാവില്ല. എനിക്ക് ഈ ഭക്ഷണം ആവശ്യമില്ല. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുകയാണ്. പണം തിരികെ വേണ്ട” എന്നായിരുന്നു അമിത് ശുക്ല ട്വിറ്ററില്‍ കുറിച്ചത്.

ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ് എന്നാണ് ഡെലിവറി ബോയിയെ മാറ്റണമെന്ന ഉപഭോക്താവിന്റെ അഭ്യർത്ഥനയ്ക്ക് മറുപടിയായി കമ്പനി ട്വീറ്റ് ചെയ്തത്.

നിലവിൽ, ശ്രാവണ പുണ്യമാസമാണെന്നും, ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പറഞ്ഞാണ് ഡെലിവറി ബോയിയെ മടക്കി അയച്ച തന്റെ നിലപാടിനെ ശുക്ല ന്യായീകരിച്ചത്.

Read more

സൊമാറ്റോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ‘സൊമാറ്റോ, ഞങ്ങള്‍ ഉണ്ട് നിങ്ങളുടെ കൂടെ’ എന്ന് ട്വീറ്റ് ചെയ്ത് മറ്റൊരു ഭക്ഷണ ഡെലിവറി സ്ഥാപനമായ ഊബര്‍ ഈറ്റ്സും രംഗത്തെത്തിയിരുന്നു.