ഫിലിപ്പീന്‍സില്‍ ഉരുള്‍പൊട്ടലില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് 11 വയസുകാരന്‍. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുന്നത്തുന്നത് വരെ കുട്ടി അഭയം പ്രാപിച്ചത് റഫ്രിജറേറ്ററില്‍. 20 മണിക്കൂറാണ് സിജെ ജാസ്‌മെ എന്ന് കുട്ടി ഫ്രിഡ്ജിനുള്ളില്‍ ഇരുന്നത്. വെള്ളിയാഴ്ച ഫിലിപ്പൈന്‍സിലെ ബേബേ സിറ്റിയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ തകര്‍ന്ന ഉപകരണത്തിനുള്ളില്‍ ജാസ്‌മെ കിടക്കുന്നതായി അധികൃതര്‍ കണ്ടെത്തുകയായിരുന്നു.
മണ്ണിടിച്ചിലുണ്ടായപ്പോള്‍ സിജെ ജാസ്‌മെ കുടുംബത്തോടൊപ്പം വീട്ടിലുണ്ടായിരുന്നു. അപകടം നടന്നപ്പോള്‍ കുട്ടി രക്ഷപ്പെടാനായി ഫ്രിഡ്ജില്‍ ചാടിക്കയറി. നദീതീരത്ത് ഫ്രിഡ്ജ് കണ്ടപ്പോള്‍ സംശയം തോന്നിയാണ് രക്ഷാപ്രവര്‍ത്തകര്‍ പരിശോധിച്ചത്.
ജാസ്‌മെയ്ക്ക് ബോധമുണ്ടായിരുന്നു. കുട്ടി ആദ്യം സംസാരിച്ചത് ‘എനിക്ക് വിശക്കുന്നു’ എന്നായിരുന്നുവെന്ന് സംഘം പറഞ്ഞു. കാലിന് ചെറിയ ഒടിവുണ്ട്. പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ച് ഒടിഞ്ഞ കാലിന് ശസ്ത്രക്രിയ നടത്തി.
നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. എനവ്‌നാല്‍ ജാസ്‌മെയുടെ കുടുംബം മണ്ണിടിച്ചിലില്‍പ്പെട്ടു. അമ്മയെയും അനുജത്തിയെയും കണ്ടെത്താനായിട്ടില്ല. ഒരു ദിവസം മുമ്പ് വീടിന് സമീപത്ത് വച്ചുണ്ടായ മണ്ണിടിച്ചിലിലാണ് കുട്ടിയുടെ അച്ഛന്‍ മരിച്ചത്. ജാസ്‌മെയുടെ 13 വയസ്സുള്ള സഹോദരന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതായാണ് കരുതുന്നത്.
അതേസമയം, കൊടുങ്കാറ്റിനെ തുടര്‍ന്ന് ബേബേ മേഖലയില്‍ മാത്രം 200 ഓളം ഗ്രാമീണര്‍ക്ക് പരിക്കേല്‍ക്കുകയും 172 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. രണ്ട് ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.