ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടു. ലബനന്‍ സുരക്ഷാ വൃത്തങ്ങളാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സെന്‍ട്രല്‍ ബെയ്റൂട്ടിലെ റാസല്‍ നബാ ജില്ലയിലെ സിറിയന്‍ ബാത്ത് പാര്‍ടിയുടെ ലെബനന്‍ ബ്രാഞ്ച് ലക്ഷ്യമിട്ടായിരുന്നു ഇന്നലെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുന്നറിയിപ്പില്ലാതെയുണ്ടായ ഇസ്രയേല്‍ ആക്രമണം വലിയ നാശം ഉണ്ടാക്കിയതായി നാഷണല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു.
ലബനന്റെ വടക്കന്‍ഭാഗങ്ങളില്‍ ഇസ്രയേല്‍ സൈന്യവും ഹിസ്ബുള്ളയും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒന്നരമാസമായി ഹിസ്ബുല്ലയ്‌ക്കെതിരെ ലബനന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കരയുദ്ധം നടത്തുന്ന ഇസ്രയേല്‍ സൈന്യം ഇത്ര വലിയ പോരാട്ടം നടത്തുന്നത് ആദ്യമാണ്.
ഹിസ്ബുള്ള മീഡിയ റിലേഷന്‍സ് ഉദ്യോഗസ്ഥനായിരുന്നു മുഹമ്മദ് അഫീഫ്. വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് അഫീഫായിരന്നു. ഹിസ്ബുള്ളയുടെ മീഡിയ ഓഫീസ് അഫീഫിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
Read more
സെപ്തംബര്‍ അവസാനം ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ളയുടെ കൊലപാതകത്തിന് ശേഷം സായുധസംഘടനയുടെ പ്രധാനിയായിരുന്നു ഇയാള്‍. വാര്‍ത്താസമ്മേളനങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നതും അഫീഫായിരുന്നു. ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല.