വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമര്‍ സെലന്‍സ്‌കിയും തമ്മിലുള്ള വാക്‌പോരിന് പിന്നാലെ യുക്രെയ്‌നില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും തമ്മില്‍ വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ച അലസിപ്പിരിഞ്ഞത് വലിയ ആഹ്ലാദത്തോടെയാണ് റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ വരവേറ്റത്. പിന്നാലെ ആക്രമണം കടുപ്പിച്ച് വ്‌ലാദിമര്‍ പുടിന്റെ സൈന്യം കിഴക്കന്‍ യുക്രൈനിലെ ഡോനെസ്റ്റ്ക് മേഖലയിലെ ജനവാസ കേന്ദ്രങ്ങളായ ബര്‍ലാറ്റ്‌സ്‌കെയും സ്‌കുഡ്‌നെയും പിടിച്ചടിക്കിയെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. റഷ്യന്‍ സൈന്യം ഗ്രാമങ്ങള്‍ കീഴടക്കിയതായി റഷ്യന്‍ ന്യൂസ് ഏജന്‍സി ടാസ്സ് ആണ് വിവരം പുറത്തുവിട്ടത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രേനിന്റെ വ്‌ലോദിമമിര്‍ സെലെന്‍സ്‌കിയും വൈറ്റ് ഹൗസില്‍ നടത്തിയ അമ്പരപ്പിക്കുന്ന ഏറ്റുമുട്ടലിന് ശേഷം പുതുമയുള്ള ഒരു കാര്യവും ലോകത്തില്‍ സംഭവിച്ചു. റഷ്യയിലെ ക്രെംലിനില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റിന് പിന്തുണ കിട്ടിയെന്നത് വിരളമായി സംഭവിക്കുന്ന നയതന്ത്ര കാര്യമാണ്. സെലന്‍സ്‌കി പെട്ടെന്ന് യുഎസ് വിടുകയും സന്ദര്‍ശനം വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെ ചൂടേറിയ ആശയവിനിമയം ഇങ്ങനെ അവസാനിച്ചതിന്റെ ആഹ്ലാദം റഷ്യന്‍ ഉദ്യോഗസ്ഥരും സ്റ്റേറ്റ് മീഡിയയും പ്രതികരിച്ചതിലുണ്ടായിരുന്നു.
ചര്‍ച്ചയ്ക്കിടയില്‍ സെലന്‍സ്‌കിയെ ശാരീരികമായി ആക്രമിക്കാതെ ട്രംപ് സംയമനം പാലിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ അഭിപ്രായപ്പെട്ടു. ‘2022 ലെ കൈവ് ഭരണകൂടം പിന്തുണയില്ലാതെ തനിച്ചാണ് പൊരുതിയതെന്ന് വൈറ്റ് ഹൗസില്‍ സെലന്‍സ്‌കി നടത്തിയ പ്രസ്താവനയാണ് സെലെന്‍സ്‌കിയുടെ എല്ലാ നുണകളിലെയും ഏറ്റവും വലിയ നുണയെന്ന് താന്‍ കരുതുന്നുവെന്നും സഖരോവ ടെലിഗ്രാമില്‍ എഴുതി.
ട്രംപും വാന്‍സും എങ്ങനെയാണ് ആ കള്ളനെ അടിക്കുന്നതില്‍നിന്ന് പിന്തിരിഞ്ഞത്, സംയമനത്തിന്റെ കാര്യത്തില്‍ ഇതൊരു അത്ഭുതമാണ്, സെലന്‍സ്‌കി അയാളെ പോറ്റുന്ന കൈയ്ക്ക് തന്നെ കടിക്കുകയാണ്.
‘എല്ലാവരോടും അരോചകമായി പെരുമാറുന്നവനെന്നും സെലന്‍സ്‌കിയെ സഖരോവ വിശേഷിപ്പിച്ചു.
റഷ്യയുടെ സെക്യൂരിറ്റി കൗണ്‍സില്‍ ഉപമേധാവിയും മുന്‍ റഷ്യന്‍ പ്രസിഡന്റുമായ ദിമിത്രി മെദ്വദേവിന്റെതാണ് ഏറ്റവും കടുത്ത പരാമര്‍ശം. മെദ്വദേവ് തന്റെ പ്രതികരണത്തില്‍ അധിക്ഷേപത്തിനും മടിച്ചില്ല. സെലെന്‍സ്‌കിയെ insolent pig അഥവ ധിക്കാരിയായ പന്നിയെന്നും ‘ഓവല്‍ ഓഫീസില്‍ നിന്ന് കിട്ടേണ്ട അടിയാണ് സെലെന്‍സ്‌കിയ്ക്ക് കിട്ടിയതെന്നും പ്രതികരിച്ചു. ആദ്യമായി, ട്രംപ് കൊക്കെയ്ന്‍ വിദൂഷകനോട് സത്യം അയാളുടെ മുഖത്തേയ്ക്ക് നോക്കി പറഞ്ഞുവെന്നും മെദ്വദേവ് പ്രതികരിച്ചു. കീവ് ഭരണകൂടം മൂന്നാം ലോക മഹായുദ്ധത്തിനായി കളിക്കുകയാണ്.
നന്ദികെട്ട പന്നിക്ക് പന്നിക്കൂട്ടത്തിന്റെ ഉടമകളില്‍ നിന്ന് കൈത്തണ്ടയില്‍ ശക്തമായ അടി ലഭിച്ചു. ഇത് ഉപയോഗപ്രദമാണ്. എന്നാല്‍ ഇത് പോരാ-നാസി യന്ത്രത്തിനുള്ള സൈനിക സഹായം നമ്മള്‍ നിര്‍ത്തണം,
മെദ്വദേവിന്റെ പ്രതികരണം ഇപ്രകാരമാണ്. എന്തായാലും റഷ്യന്‍ സേന ഇതിന് പിന്നാലെ യുക്രൈനിലുടനീളം വെള്ളിയാഴ്ച രാത്രി വലിയ രീതിയിലുള്ള ആക്രമണമാണ് നടത്തിയത്. ഖാര്‍ഗിവ് മേഖലയിലായിരുന്നു കൂടുതല്‍ ആക്രമണം. 154 ഡ്രോണുകളാണ് റഷ്യ വിക്ഷേപിച്ചത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നുമാണ് പുറത്തുവരുന്ന വാര്‍ത്ത. പ്രസിഡന്റ് സെലന്‍സ്‌കിക്ക് പിന്തുണയുമായി യുക്രൈന്‍ ജനത റാലികള്‍ സംഘടിപ്പിച്ചതും വലിയ ചര്‍ച്ചയാവുന്നുണ്ട്.