ഗാസയിലേക്ക് സഹായങ്ങളുമായെത്തിയ ട്രക്കുകള്‍ തടഞ്ഞു; വരുതിക്ക് വരണമെന്ന് ബെന്യാമിന്‍ നെതന്യാഹു; വിലകുറഞ്ഞ ബ്ലാക്ക് മെയിലിങ്ങെന്ന് ഹമാസ്

ഗാസയിലേക്കുള്ള എല്ലാ സഹായങ്ങളുടെയും വിതരണം തടഞ്ഞ് ഇസ്രയേല്‍. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം അവസാനിച്ചതിനെ തുടര്‍ന്നാണ് സഹായങ്ങള്‍ തടഞ്ഞതെന്നാണ് ഇസ്രയേല്‍ നല്‍കുന്ന വിശദീകരണം.

വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാനുള്ള യുഎസ് നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു താക്കീത് നല്‍കി.

ഗാസ വെടിനിര്‍ത്തലിന്റെ രണ്ടാംഘട്ട ചര്‍ച്ചകള്‍ എങ്ങുമെത്താതെ പിരിഞ്ഞിരുന്നു. ജനുവരിയില്‍ ഇസ്രയേലും ഹമാസും തമ്മില്‍ മൂന്നു ഘട്ടമായുള്ള വെടിനിര്‍ത്തലിനു ധാരണയായിരുന്നെങ്കിലും രണ്ടാം ഘട്ടത്തിലേക്കു പോകുന്നതിനു പകരം ഒന്നാംഘട്ടം നാലാഴ്ച കൂടി നീട്ടാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. ഇതിനോടു യോജിക്കാന്‍ ഹമാസ് തയാറാവാത്തതാണു സാഹചര്യം വഷളാക്കിയിരിക്കുന്നത്.

വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടം റമസാന്‍ വരെയോ ഏപ്രില്‍ 20 വരെയോ നീട്ടാന്‍ യുഎസിന്റെ മധ്യപൂര്‍വേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് നിര്‍ദേശിച്ചിരുന്നു.

അതേസമയം, സഹായങ്ങളുമായി വരുന്ന ട്രക്കുകള്‍ തടയുന്ന തീരുമാനം വിലകുറഞ്ഞ ബ്ലാക്ക് മെയിലിങ്ങാണെന്നും യുദ്ധക്കുറ്റമാണെന്നും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും ഹമാസ് പ്രതികരിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്‌നമായ ലംഘനമാണിതെന്നും ഇസ്രായേലിന്റെ തീരുമാനം പിന്‍വലിപ്പിക്കാന്‍ മധ്യസ്ഥര്‍ ഇടപെടണമെന്നും ഹമാസ് പറഞ്ഞു.