തിരിച്ചടിച്ച് ഇസ്രയേല്‍; ബെയ്‌റൂത്തില്‍ ആക്രമണം അഴിച്ചുവിട്ടു; ഏഴ് പേര്‍ കൊല്ലപ്പെട്ടു; 1.2 ദശലക്ഷം പേര്‍ക്ക് വാസസ്ഥലം നഷ്ടപ്പെട്ടെന്നു ലബനീസ് പ്രധാനമന്ത്രി

ലബന്‍ തലസ്ഥാനമായ ബെയ്‌റൂത്ത് ആക്രമിച്ച് ഇസ്രായേല്‍. ആക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു, 7 പേര്‍ക്ക് പരുക്കേറ്റു. ഇസ്രയേലിന്റെ ആക്രമണങ്ങളെ തുടര്‍ന്ന് ഏകദേശം 1.2 ദശലക്ഷം ലബനീസ് ജനങ്ങള്‍ക്കു വാസസ്ഥലം നഷ്ടപ്പെട്ടെന്നു ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി വ്യക്തമാക്കി.

ഹിസ്ബുള്ളയെ നേരിടാന്‍ ലബനനിലേക്കു കരമാര്‍ഗം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ 8 സൈനികരെ നഷ്ടപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. അതിര്‍ത്തി പട്ടണമായ മറൂണ്‍ എല്‍ റാസിനു സമീപം റോക്കറ്റുകള്‍ ഉപയോഗിച്ച് 3 ഇസ്രയേലി മെര്‍ക്കാവ ടാങ്കുകളെ നശിപ്പിച്ചതായി ഹിസ്ബുല്ല അറിയിച്ചു. ആക്രമണത്തിനിടെ 8 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ലബനന്‍ യുദ്ധമുഖത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രയേല്‍ നേരിട്ട ഏറ്റവും വലിയ ആള്‍നാശമാണിത്. കൂടുതല്‍ സൈനികര്‍ ലബനനിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ 24 ഗ്രാമങ്ങളില്‍നിന്നു കൂടി ജനങ്ങള്‍ ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ മുന്നറിയിപ്പു നല്‍കി.

നമ്മളെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഇറാന്റെ തിന്മയുടെ അച്ചുതണ്ടിനെതിരായ കഠിനയുദ്ധത്തിലാണ്. നമ്മള്‍ ഒരുമിച്ച് നില്‍ക്കും, ദൈവസഹായത്താല്‍ ഒരുമിച്ച് വിജയിക്കുമെന്ന് അനുശോചന വിഡിയോയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.

ഇന്ന് ഹിസ്ബുല്ലയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇസ്‌ലാമിക് ഹെല്‍ത്ത് ഓര്‍ഗനൈസേഷന് നേരെയാണ് ആക്രമണമുണ്ടായത്. ഇത് രണ്ടാം തവണയാണ് സെന്‍ട്രല്‍ ബെയ്‌റൂത്തിനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. ലബനാനില്‍ ആക്രമണം തുടങ്ങിയപ്പോഴും ഇസ്രായേല്‍ സെന്‍ട്രല്‍ ബെയ്‌റൂത്തിനെ ലക്ഷ്യമിട്ടിരുന്നു.

ലബനാന്‍ പാര്‍ലെമന്റും യു.എന്നിന്റെ പ്രാദേശിക കേന്ദ്രവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ലബനാന്റെ തെക്കന്‍ ജില്ലയായ ദഹിയേഹിനെ ലക്ഷ്യമിട്ടും ശക്തമായ ആക്രമണമാണ് നടക്കുന്നത്.