അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ടെക് കോടീശ്വരന്‍ ഇലോണ്‍ മസ്‌കുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മസ്‌കിന്റെ കുട്ടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ സമ്മാനം ലോകശ്രദ്ധ നേടുന്നു. ബ്ലെയര്‍ ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നരേന്ദ്ര മോദി മസ്‌കിന്റെ മൂന്ന് മക്കള്‍ക്ക് സമ്മാനം നല്‍കിയത്.
പണ്ഡിറ്റ് വിഷ്ണു ശര്‍മ്മയുടെ പഞ്ചതന്ത്രം, രബീന്ദ്രനാഥ ടാഗോറിന്റെ ദി ക്രസന്റ് മൂണ്‍, ദി ഗ്രേറ്റ് ആര്‍കെ നാരായണ്‍ കളക്ഷന്‍ എന്നീ കൃതികളാണ് മോദി കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയത്. മസ്‌കുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇലോണ്‍ മസ്‌കിന്റെ കുടുംബത്തെ കാണാനും വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
Read more
കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മോദി എക്സില്‍ പങ്കുവെച്ചു. ഈ ചിത്രങ്ങളില്‍ മസ്‌കിന്റെ കുട്ടികള്‍ പുസ്തകം വായിക്കുന്നതും കാണാം. സന്ദര്‍ശനത്തില്‍ മസ്‌കിനൊപ്പം പങ്കാളിയായ ഷിവോണ്‍ സിലിനെയും ഉണ്ടായിരുന്നു. ബഹിരാകാശം, മൊബിലിറ്റി, സാങ്കേതികവിദ്യ, നവീകരണം തുടങ്ങി വിവിധ വിഷയങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി കുറിച്ചു.