2008 നു ശേഷം ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 50 റൺസിനാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പരാജയപ്പെടുത്തിയത്. മത്സരത്തിൽ 197 റൺസ് പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന് കളിയുടെ ഒരു പോയിന്റിൽ പോലും ആധിപത്യം സ്ഥാപിക്കാൻ ടീമിന് ആയില്ല എന്ന് പറയാം.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിൽ ഏദൻ ഗാർഡൻസ് സ്റ്റേഡിയത്തിലെ പിച്ച് അവർക്ക് അനുകൂലമാണ് എന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. അതിന് ശേഷം ഇപ്പോഴിതാ ചെന്നൈ സൂപ്പർ കിങ്സിന് നേരെയും വിമർശനം ഉയരുന്നു. ചെപ്പോക്കിൽ പിച്ച് ആനുകൂല്യം ലഭിക്കുന്നു എന്ന് വിമർശനത്തിന് പിന്നാലെ മറുപടിയായി രംഗത്ത് എത്തിയിരിക്കുകയാണ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങ്.
സ്റ്റീഫൻ ഫ്ലെമിങ്ങ് പറയുന്നത് ഇങ്ങനെ:
” കഴിഞ്ഞ രണ്ട് വർഷമായി ചെന്നൈയിലെ പിച്ചിന്റെ സ്വഭാവം മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ മഞ്ഞുവീഴ്ചയെ തുടർന്ന് പിച്ച് ബാറ്റിങ്ങിന് അനുകൂലമാകുമെന്നാണ് കരുതിയത്. എന്നാൽ പിച്ചിന്റെ വേഗത കുറയുകയും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടാകുകയുമാണ് ഉണ്ടായത്”
സ്റ്റീഫൻ ഫ്ലെമിങ്ങ് തുടർന്നു:
” ഇത് നാല് സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തി കളിക്കാൻ കഴിയുന്ന പഴയ ചെപ്പോക്ക് അല്ല. ഓരോ മത്സരങ്ങളിലും പിച്ചിന്റെ സ്വഭാവം മനസിലാക്കാൻ ചെന്നൈ ടീം ശക്തമായി ശ്രമിക്കാറുണ്ട്. എന്നാൽ ടീമിന്റെ ചിന്തകളിൽ നിന്നും വ്യത്യസ്തമായാവും പിച്ച് പെരുമാറുക” മത്സരശേഷം സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞു.