ലോകമെമ്പാടും ആശങ്ക സൃഷ്ടിക്കുന്ന ഒമൈക്രോണ്‍ വകഭേദം അപകടകാരിയല്ലെന്ന് കരുതി തള്ളിക്കളയരുതെന്ന് ലോകാരോഗ്യ സംഘടന. പുതിയ വകഭേദം അതിവേഗം ആളുകളിലേക്ക് പടര്‍ന്ന് പിടിക്കുകയാണെന്നും, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നതായും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമൈക്രോണിന് തീവ്രത കുറവാണെന്ന് കരുതി അവഗണിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മുമ്പ് ഉണ്ടായിരുന്ന വകഭേദങ്ങള്‍ പോലെ തന്നെ ഒമൈക്രോണും രോഗബാധിതരാകുന്നവരുടെ എണ്ണവും, മരിക്കുന്നവരുടെ എണ്ണവും കൂടാന്‍ കാരണമാകുന്നുണ്ട്. കോവിഡ് സുനാമി ലോകത്തുള്ള ആരോഗ്യ സംവിധാനങ്ങളെ ആകെ ബാധിക്കുകയാണ്. വാക്സിന്‍ സ്വീകരിച്ചവരില്‍ ഡെല്‍റ്റയേക്കാള്‍ കുറച്ച് ആരോഗ്യപ്രശ്നം മാത്രമേ ഒമൈക്രോണ്‍ സൃഷ്ടിക്കുന്നുള്ളൂ എന്നതുകൊണ്ട് നിസ്സാരമായി കാണാന്‍ കഴിയില്ല.
അതേസമയം വാക്‌സിനുകള്‍ എല്ലായിടത്തും ഒരുപോലെ ലഭ്യമാകാത്തതിലും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. സമ്പന്ന രാഷ്ട്രങ്ങള്‍ മാത്രം വാക്‌സിന്‍ കൈയടക്കിയതാണ് പുതിയ വകഭേദങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2022 ല്‍ വാക്‌സിനുകള്‍ എല്ലാവര്‍ക്കുമായി ന്യായമായി പങ്കിടാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Read more
എല്ലാ രാജ്യങ്ങളും 2021 സെപ്റ്റംബര്‍ അവസാനത്തോടെ ജനസംഖ്യയുടെ 10 ശതമാനവും, ഡിസംബര്‍ അവസാനത്തോടെ 40 ശതമാനവും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണം എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഡബ്ല്യുഎച്ച്ഒയുടെ 194 അംഗരാജ്യങ്ങളില്‍ 92 തൊണ്ണൂറ്റിരണ്ട് രാജ്യങ്ങള്‍ക്കും ഈ ലക്ഷ്യം കൈവരിക്കാനായില്ല. 2022 പകുതിയോടെ എല്ലാ രാജ്യങ്ങളിലും 70 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം.കോടിക്കണക്കിന് ആളുകള്‍ വാക്‌സിന്‍ ലഭിക്കാത്തിടത്ത് ബൂസ്റ്റര്‍ ഡോസുകള്‍ മാത്രം കൊണ്ട് കോവിഡിനെ പിടിച്ച് നിര്‍ത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിന്റെ അവസാനത്തെ വകഭേദം ഒമൈക്രോണ്‍ ആയിരിക്കില്ലെന്ന് ഡബ്ല്യുഎച്ച്ഒ സാങ്കേതിക നേതാവ് മരിയ വാന്‍ കെര്‍ഖോവ് മുന്നറിയിപ്പ് നല്‍കി.