ഇസ്രായേല്‍ സൈന്യം വെടിനിര്‍ത്തിയാല്‍ ഗാസയിലെ ആശുപത്രികളും സ്‌കൂളുകളും കെട്ടിടങ്ങളും പുനര്‍നിര്‍മിക്കാന്‍ തയാറെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കി ഗാസയെ സഹായിക്കാന്‍ സന്നദ്ധമാണ്. എന്നാല്‍, ഇസ്രയേല്‍ ഇവിടെ വെടിനിര്‍ത്തമെന്നും അദേഹം ആവശ്യപ്പെട്ടു.
സൈന്യം ഗാസയില്‍ എത്തിയതോടെ ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് ഇസ്രായേലില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനം നടന്നു. തെല്‍അവീവില്‍നിന്ന് ജറൂസലമിലെ നെതന്യാഹുവിന്റെ ഓഫിസിലേക്കു നടന്ന പ്രകടനത്തില്‍ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നിരുന്നു.
അതേസമയം, ദിവസങ്ങള്‍ നീണ്ട ഉപരോധത്തിനും ആക്രമണത്തിനുമൊടുവില്‍ ഗാസയിലെ അല്‍ ശിഫ ആശുപത്രി പൂര്‍ണമായി ഇസ്രായേല്‍ സേന ഒഴിപ്പിച്ചു. 650ഓളം രോഗികളടക്കം ഏഴായിരത്തോളം പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. അതിനിടെ, യു.എന്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വടക്കന്‍ ഗസ്സയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പിന് സമീപത്തെ അല്‍ ഫാഖൂറ സ്‌കൂളിനുനേരെ ഇന്നലെ രാവിലെ നടന്ന വ്യോമാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. രണ്ടാം തവണയാണ് സ്‌കൂളില്‍ ആക്രമണം നടക്കുന്നത്.
കിടപ്പുരോഗികളെ ഉള്‍പ്പെടെ തോക്കിന്‍മുനയില്‍ ഭീഷണിപ്പെടുത്തി ഒരു മണിക്കൂറിനകം ഒഴിയാന്‍ രാവിലെ ആവശ്യപ്പെടുകയായിരുന്നുവെന്ന് അല്‍ ശിഫ ഡയറക്ടര്‍ മുഹമ്മദ് അബൂസാല്‍മിയ പറഞ്ഞു. ഗുരുതര നിലയിലുള്ളവരെ കട്ടില്‍ ഉള്‍പ്പെടെയും നടക്കാനാകാത്തവരെ വീല്‍ചെയറിലുമാണ് പുറത്തിറക്കിവിട്ടത്.
Read more
കുറേ പേര്‍ മറ്റ് ആശുപത്രികളില്‍ അഭയംതേടിയെങ്കിലും മറ്റുള്ളവര്‍ തെക്കന്‍ ഗസ്സ ലക്ഷ്യമാക്കി നീങ്ങി. ഒഴിഞ്ഞുപോകുന്നതിനിടെ വനിതകളെ തുണിയുരിഞ്ഞ് ദേഹപരിശോധനക്ക് വിധേയരാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ആശുപത്രിയുടെ നിയന്ത്രണം സൈനികരുടെ കൈയിലാണ്.