സ്ത്രീകൾ ജോലിചെയ്യുന്ന സ്ഥലങ്ങളിൽ ജനലുകൾ പാടില്ല, മതിലുകൾ ഉയർത്തിക്കെട്ടണം; അഫ്ഗാനിൽ താലിബൻ സർക്കാരിന്റെ പുതിയ ഉത്തരവ്

അഫ്ഗാനിൽ താലിബൻ സർക്കാരിന്റെ പുതിയ വിചിത്ര ഉത്തരവ്. സ്ത്രീകൾ തൊഴിലെടുക്കുന്ന അടുക്കള, മുറ്റം, കിണർ തുടങ്ങിയ സ്ഥലങ്ങളിലും ജനാലകൾ പാടില്ലെന്നാണ് ഉത്തരവ്. ജനലുകൾ തുറന്നിടുമ്പോൾ പുറമെയുള്ള പുരുഷന്മാർ സ്ത്രീകളെ കാണുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്റെ പുതിയ നീക്കം.

അയൽക്കാർക്ക് സ്ത്രീകളെ കാണാത്ത വിധം വീടുകളിലെ മതിലുകൾ ഉയർത്തിക്കെട്ടണമെന്നും നിർദേശത്തിൽ പറയുന്നു. സ്ത്രീകളെ അയൽക്കാരായ പുരുഷന്മാർ കാണുന്നത് അശ്ലീലമാണെന്നും താലിബാൻ പറയുന്നു. പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളിൽ, സ്ത്രീകൾ കൂടുതലായി ഉപയോഗിക്കുന്ന ഇടങ്ങളിൽ ജനലുകൾ പാടില്ലെന്നും വീടുകളിലെ മുറ്റവും കിണറും അയൽവാസിക്ക് കാണാൻ സാധിക്കാത്ത വിധം മറച്ചു കെട്ടണമെന്നും നിർദേശമുണ്ട്.

ജനലുകളുള്ള കെട്ടിടങ്ങൾ സീൽ ചെയ്യുമെന്നും അതിനാൽ പഴയ കെട്ടിടങ്ങളിൽ നിന്നും ജനലുകൾ നീക്കം ചെയ്യണമെന്നും താലിബാൻ വക്താവ് സാബിനുള്ള മുജാഹിദ് പറയുന്നു. അതേസമയം കഴിഞ്ഞ കുറെ നാളുകളായി സ്ത്രീകളെ അടിച്ചമർത്തുന്ന നിയമങ്ങളാണ് താലിബാൻ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാൻ പെൺകുട്ടികൾക്ക് മാത്രമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടിയിരുന്നു. ഹിജാബ് ധരിക്കാതെ സ്ത്രീകൾ പുറത്തിറങ്ങരുതെന്ന നിയമവും പ്രാബല്യത്തിൽ വരുത്തിയിരുന്നു ഇതിന് പിന്നാലെയാണ് ജനലുകൾ നീക്കം ചെയ്യുന്ന വിചിത്ര നിയമവുമായി താലിബാൻ വീണ്ടും രംഗത്തെത്തുന്നത്.