'അവന്‍ ആകെ സങ്കടത്തില്‍', റാഷിദിനെ കുറിച്ച് ആശങ്കപ്പെട്ട് ഇംഗ്ലീഷ് ഇതിഹാസം

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ മുന്നേറ്റം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളായ റാഷിദ് ഖാന്റെ ഉള്ളുപൊള്ളിക്കുകയാണ്. അഫ്ഗാന്‍ താരമായ റാഷിദിന്റെ കുടുംബം സ്വദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. അരക്ഷിതമായ മാതൃരാജ്യത്ത് നിന്നും തന്റെ കുടുംബത്തിനെ രക്ഷിച്ചെടുക്കാന്‍ സാധിക്കാത്തതിന്റെ ആശങ്കയിലാണ് റാഷിദ് എന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ പറയുന്നു.

ദ ഹണ്ട്രഡ് ലീഗില്‍ ട്രെന്റ് റോക്കറ്റ്‌സിന്റെ താരമാണ് റാഷിദ്. റോക്കറ്റ്‌സിന്റെ മത്സരത്തിനിടെ റാഷിദുമായി ഏറെനേരം സംസാരിച്ചെന്ന് കമന്റേറ്റര്‍ കൂടിയായ പീറ്റേഴ്‌സണ്‍ പറഞ്ഞു. അഫ്ഗാനില്‍ ഒരുപാട് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുന്നു. തന്റെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്തതില്‍ റാഷിദ് ആശങ്കാകുലനാണെന്നും പീറ്റേഴ്‌സണ്‍ വെളിപ്പെടുത്തി.

അതിനിടെ, ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ റാഷിദും മറ്റൊരു അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയും ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടത്തില്‍ കളിക്കുമെന്ന് ടീം അധികൃതര്‍ സ്ഥിരീകരിച്ചു. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ യുഎഇ വേദിയാക്കിയാണ് പുനരാരംഭിക്കുന്നത്.