സീനിയേഴ്‌സിന് 'ഓണറബിള്‍ ഇന്‍ജുറി' ? കരിയറിന്റെ അന്ത്യമെന്ന് വിലയിരുത്തല്‍

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് അജിന്‍ക്യ രഹാനെയും ഇഷാന്ത് ശര്‍മ്മയെയും ഒഴിവാക്കിയത് ടീം മാനെജ്‌മെന്റ് മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമെന്ന് സൂചന. ഇന്ത്യന്‍ ക്രിക്കറ്റിനെ ദീര്‍ഘകാലം സേവിച്ച ഇരുവരെയും പരിക്കിന്റെ പേരില്‍ മാറ്റിനിര്‍ത്തിയത് ടീം മാനെജ്‌മെന്റിന്റെ മുഖംരക്ഷിക്കല്‍ ശ്രമത്തിന്റെ ഭാഗമായെന്നു സംശയിക്കപ്പെടുന്നു. വിമര്‍ശനങ്ങല്‍ ഒഴിവാക്കുന്ന തരത്തില്‍, രഹാനെയെയും ഇഷാന്തിനെയും മാന്യമായ രീതിയില്‍ മാറ്റിനിര്‍ത്താന്‍ പരിക്ക് അടിച്ചേല്‍പ്പിക്കുകയായിരുന്നെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോം നഷ്ടമായി ഉഴറുന്ന രഹാനെയെ മുംബൈയില്‍ കോഹ്ലിക്ക് വഴിമാറണമെന്ന് ആവശ്യം ശക്തമായിരുന്നു. എന്നാല്‍ കാണ്‍പൂരില്‍ ഇന്ത്യയെ ജയത്തിനരികെ എത്തിച്ച ക്യാപ്റ്റനെ എന്തു പറഞ്ഞ് ഒഴിവാക്കുമെന്ന ചിന്ത ടീം മാനെജ്‌മെന്റിനെ അലട്ടി. ഈ സാഹചര്യത്തിലാണ് പരിക്ക് ഉപായമായി തെരഞ്ഞെടുത്തത്.

മുംബൈ ടെസ്റ്റിന് മുന്നോടിയായി ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താരങ്ങളില്‍ ആര്‍ക്കും പരിക്കുള്ളതായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞിരുന്നില്ല. എന്നാല്‍ മത്സര ദിനം രാവിലെ രഹാനെയ്ക്കും ഇഷാന്തനും രവീന്ദ്ര ജഡേജയ്ക്കും പരിക്കാണെന്ന് കോഹ്ലി അറിയിക്കുകയായിരുന്നു. ഇടതു തുടയ്‌ക്കേറ്റ പേശിവലിലാണ് രഹാനെയെ മാറ്റിനിര്‍ത്താന്‍ കാരണമായി പറയുന്നത്.

കാണ്‍പൂര്‍ ടെസ്റ്റിനിടെയാണ് രാഹനെയ്ക്ക് പരിക്ക് പിടിപെട്ടതത്രെ. എന്നാല്‍ കാണ്‍പൂരിലെ അവസാന ദിവസം രഹാനെ 90 ഓവറും ഫീല്‍ഡ് ചെയ്തിരുന്നു. വ്യാഴാഴ്ച ഇന്ത്യന്‍ ടീമിന്റെ ഇന്‍ഡോര്‍ പരിശീലനത്തില്‍ പങ്കെടുത്ത ചിരിയോടെയാണ് രഹാനെ ബാറ്റിംഗ് പരിശീലച്ചത്. തുടയിലെ പേശിവലിവ് ഏറെ വേദന അനുഭവപ്പെടുന്ന പരിക്കാണ്. കളിക്കാരന്റെ ചലനങ്ങളെ അതു ബാധിക്കും. പാദം ചലിപ്പിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുമെന്നതിനാല്‍ ബാറ്റിംഗ് ഏറെക്കുറെ അസാധ്യം. എന്നാല്‍ പരിശീലനത്തിനിടെ രഹാനെയ്ക്ക് പരിക്കിന്റെ യാതൊരു ലക്ഷണവുമില്ലായിരുന്നു. മുംബൈ ടെസ്റ്റ് തുടങ്ങുന്നതിന് തൊട്ടു മുന്‍പ് വാംഖഡെ സ്റ്റേഡിയത്തില്‍ ഇറങ്ങിയ രഹാനെ ഓടുന്നതും സ്ലിപ്പില്‍ ക്യാച്ച് പ്രാക്ടീസ് ചെയ്യുന്നതും കാണാമായിരുന്നു. പിന്നാലെയാണ് രഹാനെയ്ക്ക് പരിക്കാണെന്ന് കോഹ്ലി പറഞ്ഞത്.

Read more

സുവര്‍ണ കാലം അസ്തമിച്ച ഇഷാന്ത് ശര്‍മ്മ ഒഴിവാക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പിച്ചതാണ്. ഇഷാന്തിന് ഇടതു കൈയിലെ ചെറുവിരലിന് പരിക്കേറ്റെന്നാണ് പറയുന്നത്. സാധാരണയായി പരിക്കേറ്റ താരത്തിന്റെ സിടി സ്‌കാന്‍ റിപ്പോര്‍ട്ട് ഉടന്‍ തന്നെ ലഭിക്കുന്നതാണ്. പരിക്ക് ഗുരുതരമാണെങ്കില്‍ മുന്‍കൂട്ടി അറിയിക്കുന്നതിന് പ്രയാസമൊന്നുമില്ലെന്ന് സാരം. എന്നാല്‍ ഇഷാന്തിന് പരിക്കുണ്ടെന്ന കാര്യം ബോളിംഗ് കോച്ച് പരസ് മാംബ്രെ പോലും സ്ഥിരീകരിച്ചിരുന്നില്ല. ടീം ഇടം നല്‍കാതെ രഹാനെയെയും ഇഷാന്തിനെയും അപമാനിച്ചു എന്ന പഴി കേള്‍ക്കുന്നതിന് പകരം അവരോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ പരിക്കിന്റെ പേരില്‍ തന്ത്രപരമായി ടീമിന് വെളിയിലേക്ക് നയിക്കുകയായിരുന്നു എന്നു വിലയിരുത്തപ്പെടുന്നു.