ഞാൻ റെഡി എന്ന് പറഞ്ഞിട്ട് സഞ്ജുവിന് കിട്ടിയത് അപ്രതീക്ഷിത പണി, തീരുമാനം എടുക്കാതെ കേരള ക്രിക്കറ്റ് അസോസിയേഷൻ; ചാമ്പ്യൻസ് ട്രോഫി ടീമിലിടം നേടാൻ സാധ്യത കുറവ്

വിജയ ഹസാരെ ട്രോഫിയിൽ സഞ്ജു സാംസൺ ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ടീമിനെ നയിച്ചെങ്കിലും ആരാധകരെ ഞെട്ടിച്ചുകൊണ്ട് ആഭ്യന്തര 50 ഓവർ ടൂർണമെൻ്റിനുള്ള ടീമിൽ നിന്ന് പുറത്തായി. സഞ്ജുവിനെ സംബന്ധിച്ച് വലിയ പ്രഹരം തന്നെയാണ് ഈ തീരുമാനം സമ്മാനിച്ചത് എന്ന് പറയാം.

ടൂർണമെൻ്റിന് മുന്നോടിയായി വയനാട്ടിൽ സംഘടിപ്പിച്ച ക്യാമ്പിൽ രാജസ്ഥാൻ റോയൽസ് താരം പങ്കെടുത്തില്ലെന്നും അതിനാലാണ് പുറത്തായതെന്നും പിന്നീട് കേരള ക്രിക്കറ്റ് അസോസിയേഷൻ ഇന്ത്യൻ എക്സ്പ്രസിനോട് സ്ഥിരീകരിച്ചു. ക്യാമ്പിൽ പങ്കെടുക്കില്ലെന്ന് കാണിച്ച് സഞ്ജു ഇമെയിൽ അയച്ചിരുന്നു. സ്വാഭാവികമായും, സെഷനുകളുടെ ഭാഗമായവരെ മാത്രമേ ഞങ്ങൾ തിരഞ്ഞെടുപ്പിനായി പരിഗണിച്ചിട്ടുള്ളൂ. ഈ വിഷയത്തിൽ അദ്ദേഹവുമായി കൂടുതൽ ചർച്ചകളൊന്നും നടന്നിട്ടില്ല,” കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞ വാക്കുകളാണ് ഇത് .

ഇപ്പോൾ സാംസൺ താൻ ടൂർണമെന്റിന് റെഡി ആണെന്ന് പറഞ്ഞിരിക്കുകയാണ്. ഇനി ഹൈദരാബാദിൽ ശേഷിക്കുന്ന നാല് മത്സരങ്ങൾ കളിക്കാൻ താൻ തയാറെന്ന് സഞ്ജു പറയുമ്പോൾ പോലും കേരള ക്രിക്കറ്റ് അസോസിയേഷൻ താരത്തിന്റെ കാര്യത്തിൽ എന്ത് തീരുമാനം ആണ് എടുക്കുന്നത് എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

കെസിഎ സെക്രട്ടറി ഇത് സംബന്ധിച്ച് പറഞ്ഞത് ഇങ്ങനെ “2 ദിവസം മുമ്പ് ആണ് സഞ്ജു താൻ റെഡി ആണെന്ന വിവരം നൽകിയത്. അദ്ദേഹത്തെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഞങ്ങൾ ഇതുവരെ ഒരു കോൾ എടുത്തിട്ടില്ല. ഹൈദരാബാദിൽ ഇതിനകം ഒരു മുഴുവൻ സംഘമുണ്ട്, രണ്ട് മത്സരങ്ങൾ മാത്രമേ അവർ കളിച്ചിട്ടുള്ളൂ.”

അതേസമയം ചാമ്പ്യൻസ് ട്രോഫി ഉൾപ്പടെ വരാനിരിക്കെ ടീമിൽ ഇടം കിട്ടാൻ സഞ്ജുവിന് ഈ ടൂർണമെന്റ് കളിക്കാതെ വഴികൾ ഇല്ല എന്ന് പറയാം.