ഇങ്ങനെയും ഉണ്ടോ മണ്ടന്മാർ, ലേലത്തിലെ ഏറ്റവും മോശം തന്ത്രം അവരുടെ: റോബിൻ ഉത്തപ്പ

സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മെഗാ ലേലത്തിൻ്റെ ഒന്നാം ദിനത്തിലെ ആദ്യ രണ്ട് മാർക്വീ സെറ്റിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) യുടെ ലേല മേശ മേശയിലെ പ്രകടനത്തിൽ ആരാധകരും ക്രിക്കറ്റ് വിദഗ്ധരും അസ്വസ്ഥത പ്രകടിപ്പിച്ചു. കെ.എൽ രാഹുലിനായി ആർസിബി ശ്രമിക്കുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല. ഒടുവിൽ 14 കോടി രൂപക്ക് രാഹുലിനെ ഡൽഹി സ്വന്തമാക്കി.

ഏറ്റവും ഉയർന്ന രണ്ടാമത്തെ പേഴ്‌സ് ബാക്കിയുള്ള ഫ്രാഞ്ചൈസിയായി ലേലത്തിൽ പ്രവേശിച്ചെങ്കിലും, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ കളിക്കാർക്കായി അവർ ബിഡ് ചെയ്യാൻ ശ്രമിച്ചില്ല. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയെ ആർസിബിയുടെ ലേലത്തിലെ തന്ത്രങ്ങൾ ഞെട്ടിച്ചു. വളരെ മോശം പ്രകടനമാണ് ടീം നടത്തിയത് എന്നാണ് ഉത്തപ്പ പറഞ്ഞത്:

“കെകെആർ, സിഎസ്കെ, ആർസിബി എന്നിവയാണ് എൻ്റെ പ്രിയപ്പെട്ട മൂന്ന് ടീമുകൾ. ഞാൻ മൂന്ന് ടീമുകൾക്കും വേണ്ടി കളിച്ചിട്ടുണ്ട്. ഒരു പ്രാദേശിക ബെംഗളൂരു പയ്യൻ എന്ന നിലയിൽ ഞാൻ നിങ്ങളോട് പറയുന്നു, ഞാൻ ആശയക്കുഴപ്പത്തിലാണ്. നിങ്ങൾക്ക് എങ്ങനെയാണ് രണ്ടാമത്തെ വലിയ പേഴ്‌സ് ഉണ്ടായിട്ടും ഒന്നും ചെയ്യാൻ സാധിക്കാത്തത് ”ഉത്തപ്പ പറഞ്ഞു.

“ആർസിബി ആരാധകനായ എനിക്ക് നിരാശയുണ്ട് .ലേലത്തിൽ വലിയ പ്രതീക്ഷയിലാണ് ഞാൻ നിന്നത്. എന്നാൽ അവയുടെ വിളികൾ ഒന്നും കാര്യമായി ഒത്തില്ല. ഒരുപാട് മികച്ച താരങ്ങൾ വന്ന ലേലത്തിൽ ആർസിബി കാര്യമായ ശ്രമങ്ങൾ നടത്തിയില്ല. ഇത് നിരാശപ്പെടുത്തുന്നു ” അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റാർക്ക് ഉൾപ്പടെ ഉള്ള താരങ്ങൾക്കായി ആർസിബി ശ്രമിക്കുമെന്ന് കരുതിയെങ്കിലും അത് ഉണ്ടാകാതെ പോയതും സിറാജിനെ നിലനിർത്താതെ പോയതും ആരാധകർക്ക് കലിപ്പായി.

Read more