ബോളിംഗ് മെഷീൻ വെച്ച് പന്തെറിയുന്നത് ആയിരിക്കും ഇനി അവന്മാർക്ക് നല്ലത്, ക്രിക്കറ്റ് കളിക്കുന്നത് നിർത്തി രാജ്യത്തെ രക്ഷിക്കുക ; ടീമിനെതിരെ ഡാനിഷ് കനേരിയ

മുൾട്ടാനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്‌സിനും 47 റൺസിനും തോറ്റ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഡാനിഷ് കനേരിയ. ആദ്യ ഇന്നിംഗ്‌സിൽ 500-ലധികം സ്‌കോർ നേടിയ ശേഷം ഒരു കളി വഴങ്ങുന്ന ആദ്യ ടീമായി പാകിസ്ഥാൻ മാറിയപ്പോൾ കളിക്കാരുടെ പ്രകടനത്തെ കനേരിയ ചോദ്യം ചെയ്തു.

43-കാരനായ ഹോം ടീമിൻ്റെ ബൗളിംഗ് യൂണിറ്റിനെതിരെ ആഞ്ഞടിച്ചു. ഇംഗ്ലണ്ട് ആകട്ടെ മറുപടിയിൽ 823 – 7 റൺസാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 556 റൺസ് നേടിയപ്പോൾ ഹാരി ബ്രൂക്കും (317) ജോ റൂട്ടും (262) നാലാം വിക്കറ്റിൽ 454 റൺസ് കൂട്ടിച്ചേർത്തു ഇംഗ്ലണ്ടിനെ കൂറ്റൻ സ്കോറിലേക്ക് എത്തുക ആയിരുന്നു. അഞ്ചാം ദിനം സമനില എങ്കിലും മോഹിച്ച പാകിസ്ഥാൻ 220 റൺസിന് പുറത്താക്കി ഇംഗ്ലണ്ട് വമ്പൻ ജയം നേടുക ആയിരുന്നു.

“പാകിസ്ഥാൻ ക്രിക്കറ്റ് കുഴിച്ചുമൂടപ്പെട്ടു. കളിക്കാർ ഒന്നും ചെയ്തില്ല. പാകിസ്ഥാൻ കളി നിർത്തിയാൽ അത് അവർ എടുക്കുന്ന ഏറ്റവും മികച്ച തീരുമാനം. നിങ്ങൾക്ക് രാജ്യാന്തര ക്രിക്കറ്റിൻ്റെ ഭാഗമാകണമെങ്കിൽ യുവതാരങ്ങളെ ടീമിലെത്തിക്കുക. ടീമിന്റെ മോശം അവസ്ഥയെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ ഇല്ല. ” അദ്ദേഹം പറഞ്ഞു.

“എനിക്ക് പാകിസ്ഥാൻ കളിക്കാരെ അധിക്ഷേപിക്കാൻ ആഗ്രഹമുണ്ട്. മോശം വിക്കറ്റുകളിൽ പോലും വിക്കറ്റ് എടുത്തിരുന്ന പാകിസ്ഥാൻ ബോളർമാർ ഉണ്ടായിരുന്ന കാലം ഉണ്ടായിരുന്നു. ഇപ്പോൾ ബോളർമാർക്ക് പന്തെറിയാൻ പോലും അറിയില്ല ”

ഏഴ് തോൽവികളും നാല് സമനിലകളും ഉൾപ്പെടെ അവസാന 11 ശ്രമങ്ങളിൽ ഒരു ടെസ്റ്റ് ജയിക്കാൻ പാകിസ്ഥാൻ ടീമിന് സാധിച്ചില്ല. ക്യാപ്റ്റൻ എന്ന നിലയിൽ ഷാൻ മസൂദ് തുടർച്ചയായി ആറ് ടെസ്റ്റുകളിൽ പരാജയപ്പെട്ടിരിക്കുന്നു.

Read more