ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യയുടെ കാര്യം തീരുമാനിച്ച് പാകിസ്ഥാന്‍, തിയതി സ്ഥിരീകരിച്ചു

2024-25 അന്താരാഷ്ട്ര സീസണിലെ ഷെഡ്യൂള്‍ പുറത്തിറക്കി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). ഈ സീസണില്‍ പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ലിസ്റ്റ് ചെയ്ത് പിസിബി ഇന്ത്യയെ പങ്കെടുക്കുന്ന ടീമുകളിലൊന്നായി അവതരിപ്പിക്കുകയും ചെയ്തു.

എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെ നടക്കുമെന്ന് പിസിബി സ്ഥിരീകരിച്ചു. കറാച്ചി, റാവല്‍പിണ്ടി, ലാഹോര്‍ എന്നിവിടങ്ങളില്‍ മത്സരങ്ങള്‍ നടക്കും. അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് പങ്കെടുക്കുന്നതെന്നും പിസിബി സ്ഥിരീകരിച്ചു.

Image

ചാമ്പ്യന്‍സ് ട്രോഫിക്ക് തയ്യാറെടുക്കുന്ന ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം ഇപ്പോള്‍ നവീകരണത്തിലാണ്. ഈ ഐതിഹാസിക വേദി പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം ഉള്‍പ്പെടെ ഉയര്‍ന്ന തലത്തിലുള്ള മിക്ക മത്സരങ്ങള്‍ക്കും ആതിഥേയത്വം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുരക്ഷാ പരിഗണനകളും ഇന്ത്യയ്ക്ക് ഏറെ അടുത്താണ് എന്നതും ഈ മാര്‍ക്യൂ മാച്ച്അപ്പ് ലാഹോറിലേക്ക് മാറ്റാന്‍ സാധ്യതയുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നു.

ഈ വര്‍ഷം ഓഗസ്റ്റില്‍ ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയും തുടര്‍ന്ന് ഒക്ടോബറില്‍ ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളുമാണ് പാകിസ്ഥാന്‍ കളിക്കുന്നത്. 2025 ജനുവരിയില്‍ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി അവര്‍ വെസ്റ്റ് ഇന്‍ഡീസ് സന്ദര്‍ശിക്കും. ഫെബ്രുവരിയില്‍ ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെടുന്ന ഒരു അതുല്യ ഏകദിന ത്രിരാഷ്ട്ര പരമ്പര നടക്കും. സീസണിലെ ഹൈലൈറ്റ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ആയിരിക്കും.

Read more