ആവേശകരമായ ക്രിക്കറ്റ് മാമാങ്കത്തിനാണ് ആരാധകർ സാക്ഷിയാകാൻ പോകുന്നത്. 25 വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ന്യുസിലാൻഡും ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നു. സെമി ഫൈനലിൽ ഓസ്ട്രേലിയയെയും സൗത്ത് ആഫിക്കയെയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനലിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. മാർച്ച് 9 ന് ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.
ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന ഫൈനൽ മത്സരത്തിന്റെ പിച്ച് റിപ്പോട്ട് പുറത്ത് വന്നിരിക്കയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാകിസ്താൻ മത്സരം നടന്ന അതേ പിച്ച് തന്നെയാണ് ഐസിസി ഫൈനൽ മത്സരത്തിന് വേണ്ടി സജ്‌ജമാകുന്നത്. സ്റ്റേഡിയത്തിൽ 7 പിച്ചുകളാണ് ഉള്ളത്. അതിൽ മധ്യത്തിൽ വരുന്ന പിച്ചായിരുന്നു ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ ഉപയോഗിച്ചിരുന്നത്.
ഒരു പിച്ചിൽ മത്സരം നടത്തിയാൽ അതിനു ശേഷം ചുരുങ്ങിയത് രണ്ട് ആഴ്ച കഴിഞ്ഞേ അതേ പിച്ചിൽ കളിക്കാൻ അനുവദിക്കൂ എന്ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ നിർദേശം ഉണ്ടായിരുന്നു. ഇന്ത്യ പാകിസ്താൻ മത്സരം നടന്ന കഴിഞ്ഞ മാസം 23ന് ശേഷം സെന്‍റര്‍ വിക്കറ്റില്‍ മത്സരങ്ങളൊന്നും നടത്തിയിരുന്നില്ല.
അതേ സമയം നാളത്തെ മത്സരത്തിൽ മഴ പെയ്യുമോ ഇല്ലയോ എന്ന കാര്യത്തിലാണ് ആരാധകർ ഉറ്റു നോക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ മഴ പൈയ്തിരുന്നുവെങ്കിലും അതെല്ലാം പാകിസ്ഥാനിലാണ് പൈയ്തത്. ദുബായിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 99% നാളെ മഴ പെയ്യില്ല എന്നാണ് പറയുന്നത്.