ഐസിസി ചാമ്പ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 2024 ടി 20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ ഒരു വർഷത്തിനിടെ സ്വന്തമാക്കുന്ന രണ്ടാം ഐസിസി ട്രോഫി വിജയം കൂടിയാണ് ഇത്.
ടൂർണമെന്റിൽ നിന്ന് പുറത്തായതിന് ശേഷം പാകിസ്ഥാൻ ക്രിക്കറ്റിന് ഇപ്പോൾ മോശമായ സമയമാണ്. പല താരങ്ങളെയും പുറത്താകാൻ സാധ്യതയുണ്ട് എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ. ബിസിസിഐ വിരാട് കോഹ്‌ലിക്ക് കൊടുക്കുന്ന അവസരങ്ങൾ പോലെ പാകിസ്ഥാൻ ക്രിക്കറ്റ് ബാബർ ആസാമിന് അവസരങ്ങൾ നൽകണം എന്ന് പറഞ്ഞിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരമായ സയീദ് അജ്മൽ.
സയീദ് അജ്മൽ പറയുന്നത് ഇങ്ങനെ:
” നിങ്ങൾ ബിസിസിഐ വിരാട് കോഹ്‌ലിക്ക് കൊടുത്ത പിന്തുണ നോക്കു. എത്ര മോശമായ ഫോമിൽ ആണെങ്കിലും അദ്ദേഹത്തെ അവർ തഴയില്ല. അദ്ദേഹത്തെ പുറത്താക്കാനോ, ടീമിൽ നിന്ന് മാറി നിൽക്കാനോ ആവശ്യപ്പെടില്ല. എന്നാൽ ബാബറിന്റെ കാര്യം നേരെ തിരിച്ചാണ്. പാകിസ്ഥാൻ ക്രിക്കറ്റിലെ ഏറ്റവും വലിയ സ്റ്റാർ ആണ് അദ്ദേഹം. ആ ഒരു താരത്തിന് വരെ ഈ അവസ്ഥയാണ്. എല്ലാവരും അവനെ തഴയുന്നതിനു വേണ്ടിയുള്ള തിരക്കിലാണ്”
സയീദ് അജ്മൽ തുടർന്നു:
” നമുക്ക് ഒരു സ്റ്റാർ മാത്രമേ ഉള്ളു. അവനെ നിങ്ങൾ ഡീഗ്രേഡ് ചെയ്താൽ എങ്ങനെയാണ് നമ്മുടെ ക്രിക്കറ്റ് വളരുക. ഇതൊരു വലിയ ഇഷ്യൂ തന്നെയാണ്. ഞങ്ങളുടെ പഴയ മുൻ താരങ്ങൾ അവരുടെ വാ അടച്ച് വെക്കണം” സയീദ് അജ്മൽ പറഞ്ഞു.