IPL 2025: ഇവിടെ നിന്നിട്ട്‌ ഒരു കാര്യവുമില്ല, അവനെ വേഗം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചയക്കൂ, ഹൈദരാബാദ് താരത്തെ ട്രോളി ആരാധകര്‍

ഐപിഎലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്രധാന ബാറ്റര്‍മാരില്‍ ഒരാളാണ് ട്രാവിസ് ഹെഡ്. മുന്‍ സീസണുകളില്‍ എല്ലാം ടീമിനായി തകര്‍പ്പന്‍ പ്രകടനമാണ് ഹെഡ് കാഴ്ചവച്ചിട്ടുളളത്. എന്നാല്‍ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ ആദ്യ മത്സരത്തില്‍ ഒഴികെ കാര്യമായ പ്രകടനം താരത്തില്‍ നിന്നുണ്ടായിട്ടില്ല. ഹെഡിന്റെ പ്രകടനം ഹൈദരാബാദ് ടീമിന്റെ മൊത്തത്തിലുളള പ്രകടനത്തെ ഇത്തവണ കാര്യമായി ബാധിക്കുകയും ചെയ്തു. പലപ്പോഴും ഹെഡ്-അഭിഷേക് ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനം അനുസരിച്ചാണ് ഹൈദരാബാദിന്റെ സ്‌കോറുകള്‍ നിശ്ചയിക്കപ്പെടാറുളളത്. എന്നാല്‍ ഹെഡിന് പുറമെ അഭിഷേക് ശര്‍മയും ഈ സീസണില്‍ നിരാശയാണ് ആരാധകര്‍ക്ക് സമ്മാനിക്കുന്നത്.

അതേസമയം സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ചുളള ഒരു വീഡിയോ പുറത്തുവന്നതിന് പിന്നാലെ ട്രാവിസ് ഹെഡിനെ ട്രോളുകയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍. സാധനം വാങ്ങാനായി സിറ്റിയിലെ ഒരു ഷോപ്പില്‍ എത്തിയപ്പോള്‍ സെല്‍ഫിക്കായി ഒരു ആരാധകന്‍ ഹെഡിനെ സമീപിച്ചു. എന്നാല്‍ താരം അതിന് സമ്മതിച്ചില്ല. തുടര്‍ന്നാണ് ഓസീസ് താരത്തിനെതിരെ ചില ഫാന്‍സ് രംഗത്തുവന്നത്. “അവനെ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചയക്കൂ. അവന്‍ പാകിസ്ഥാനിയോ ബംഗ്ലാദേശിയോ അല്ല, പക്ഷേ ഇന്ത്യയോട് കടുത്ത ശത്രുതയുണ്ട്. പണത്തിന് വേണ്ടി മാത്രമാണ് ഇവന്‍ ഇവിടെ വരുന്നത്” എന്നാണ് ഒരാള്‍ കുറിച്ചത്.

കഴിഞ്ഞ സീസണില്‍ ഹെഡിന്റെ കൂടി ഇന്നിങ്‌സുകളുടെ പിന്‍ബലത്തിലായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനല്‍ കളിച്ചത്. അതുകൊണ്ട് തന്നെയാണ് ഇത്തവണയും ടീമില്‍ താരത്തെ മാനേജ്‌മെന്റ് നിലനിര്‍ത്തിയത്. എന്നാല്‍ ഈ സീസണില്‍ നിന്നു കളിക്കാതെ പെട്ടെന്ന് വലിയ ഷോട്ടുകള്‍ക്ക് മുതിരുന്നതാണ് താരത്തിന്റെ പുറത്താവലിന് കാരണം.