അലക്‌സാണ്ടര്‍ ചക്രവര്‍ത്തി പേര്‍ഷ്യ കീഴടക്കുമ്പോള്‍, പേര്‍ഷ്യക്കാര്‍ അദ്ദേഹത്തിന് ഒരു പേര് നല്‍കി, ‘സിക്കന്ദര്‍ ‘. പേര്‍ഷ്യന്‍ ഭാഷയില്‍ സിക്കന്ദറെന്നാല്‍ പോരാളി എന്നാണ് അര്‍ത്ഥം.
കഴിഞ്ഞദിവസം ഹരാരയില്‍, സിംബാവിയന്‍ ക്രിക്കറ്റിന്റെ നിലവിലെ അവസ്ഥയുടെ പ്രതിഫലനം പോലെ നിര്‍ജീവവും വിരസവുമായിരുന്ന ഒരു മത്സരത്തിലേക്ക് ആവേശത്തിന്റെ ശ്വേതരക്താണുക്കള്‍ കുത്തിനിറച്ചുകൊണ്ട് സിക്കന്ദര്‍ എന്ന് പേരുള്ള ഒരു മനുഷ്യന്‍ ഒറ്റക്കൊരു പോരാട്ടം നടത്തി.
ആദ്യ രണ്ട് മത്സരങ്ങളിലും ഒരു പോരാട്ടവും കാഴ്ച്ചവെയ്ക്കാതെ കീഴടങ്ങിയ ഒരു ടീം, വെറും ഫോര്‍മാലിറ്റി മാത്രമായ അവസാന മത്സരത്തില്‍ 290 എന്ന മികച്ച സ്‌കോര്‍ പിന്തുടരുമ്പോള്‍, 36 ആം ഓവറില്‍ 169/7 എന്ന നിലയിലേക്ക് തകര്‍ന്ന് പോയ അവസ്ഥയില്‍ നില്‍കുന്നു. അപ്പോള്‍ ലോകത്തിന്റെ നാനാ ഭാഗത്തുള്ള ക്രിക്കറ്റ് ലേഖകന്‍മാരെല്ലാം ഒരുപക്ഷെ, ശുഭമാന്‍ ഗില്ലിന്റെ സെഞ്ച്വറിയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള, ഇന്ത്യയുടെ മറ്റൊരു ക്ലിനിക്കല്‍ പെര്‍ഫോമന്‍സിനെ വര്‍ണ്ണിച്ചുകൊണ്ടുള്ള, സിoബാവിയന്‍ ക്രിക്കറ്റിന്റെ പരിതാപകരമായ സ്ഥിതിയില്‍ പരിതപിച്ചുകൊണ്ടുള്ള തങ്ങളുടെ മാച്ച് റിപ്പോര്‍ട്ടിന്റെ ഫൈനല്‍ ടച്ചപ്പിലായിരുന്നിരിക്കും.
പക്ഷെ അവരുടെ റിപ്പോര്‍ട്ടിന്റെ അംഗവിധാനത്തെയാകമാനം പുനര്‍നിര്‍മിക്കുന്ന കാര്യങ്ങളാണ് സിക്കന്ദര്‍ റാസ എന്ന ബാറ്റര്‍ പിന്നീടങ്ങോട്ടു ചെയ്തു കൂട്ടിയത്. താക്കൂറിനും, ആവേഷ് ഖാനുമെ തിരെ തുടരെ തുടരെ ബൗണ്ടറികള്‍, ദീപക് ചഹാറിനെ എക്‌സ്ട്രാ കവറിന് മുകളിലൂടെ പറത്തിയ സിക്‌സര്‍, ഷോര്‍ട് ഫൈന്‍ ലെഗ്ഗ് ഫീല്‍ഡറെ മുതലെടുത്തു കൊണ്ട് സ്‌കൂപിലൂടെ നേടിയ ബൗണ്ടറി.. ഒരു വേള അപ്രപ്യമാണെന്ന് തോന്നിയിരുന്നു ലക്ഷ്യത്തെ അയാള്‍ 13 പന്തില്‍ 17 എന്ന കൈയെത്തും ദൂരത്തെക്കടുപ്പിച്ചു.
ഒടുവില്‍ ലക്ഷ്യത്തിന് 15 റണ്‍സ് അകലെ, ലോങ്ങ് ഓണ്‍ ബൗണ്ടറി ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഗില്ലിന്റെ മനോഹരമായൊരു ക്യാച്ചില്‍ ആ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍, രാജ്യാതിര്‍ത്തികളുടെ വേര്‍തിരിവുകള്‍ എങ്ങോ പോയി മറയുകയും, ആ മനുഷ്യന്‍ ഈ അവസാന നിമിഷമിങ്ങനെ വീണുപോകാതിരുന്നിരുന്നെങ്കിലെന്ന് ഒരു വേള ചിന്തിച്ചു പോകുകയും ചെയ്ത് പോയി.
ഫ്ളവര്‍ സഹോദരന്‍മാരും, ക്യാമ്പലും, ജോണ്‍സണും, സ്ട്രീക്കും, ഓലോങ്കയുമൊക്കെ അടങ്ങിയിരുന്ന സിംബാവിയന്‍ ക്രിക്കറ്റിന്റെ സമൃദ്ധമായ ഇന്നലെകളുടെ പോരാട്ടവീര്യത്തിന്റെ ഗതകാലസ്മരണകളുണര്‍ത്തി റാസ നടന്നകലുമ്പോള്‍ മനസ്സിങ്ങനെ മന്ത്രിച്ചു.. ‘ക്രിക്കറ്റിന്റെ ഭാഷയിലും സിക്കന്ദറിന് പോരാളി എന്ന ഒരേയൊരു അര്‍ത്ഥമേയൊള്ളു’
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍