അത്ഭുതം കുത്തിനിറച്ച് ഒരു മത്സരം; ലഖ്‌നൗവിനെ പിടിച്ചുകെട്ടി മോഹിത് ശര്‍മ്മ, ടൈറ്റന്‍സിന് ആവേശ ജയം

ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 7 റണ്‍സ് ജയം. ഗുജറാത്ത് മുന്നോട്ട് വെച്ച 137 റണ്‍സിലേക്ക് ബാറ്റേന്തിയ ലഖ്‌നൗ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 128ല്‍ ഒതുങ്ങി. മോഹിത് ശര്‍മ്മ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണമെന്നിരിക്കെ നാല് റണ്‍സ് മാത്രമാണ് ലഖ്‌നൗവിന് നേടാനായത്. നാല് വിക്കറ്റും ഈ ഓവറില്‍ വീണു.

അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ കെ.എല്‍ രാഹുലാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. പാഹുല്‍ 61 ബോളില്‍ 8 ഫോറിന്റെ അകമ്പടിയില്‍ 68 റണ്‍സെടുത്തു. കൈല്‍ മെയേര്‍സ് 19 ബോളില്‍ 24 ഉം ക്രുണാല്‍ പാണ്ഡ്യ 23 ബോളില്‍ 23 ഉം റണ്‍സെടുത്തു. മറ്റാര്‍ക്കും ബാറ്റിംഗില്‍ തിളങ്ങാനായില്ല.

ഗുജറാത്തിനായി മോഹിത് ശര്‍മ്മ, നൂര്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന്  20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 50 പന്തില്‍ നിന്ന് നാല് സിക്സും രണ്ട് ഫോറുമടക്കം 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.

37 പന്തില്‍ 47 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു. ശുഭ്മാന്‍ ഗില്‍ (0), അഭിനവ് മനോഹര്‍ (3), വിജയ് ശങ്കര്‍ (10), ഡേവിഡ് മില്ലര്‍ (6) എന്നിവര്‍ക്കാര്‍ക്കും ഗുജറാത്ത് സ്‌കോറിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. ലഖ്നൗവിനായി ക്രുണാല്‍ പാണ്ഡ്യയും മാര്‍ക്കസ് സ്റ്റോയ്നിസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.