IPL 2025: 50 റൺസിന് അല്ലേ തോറ്റത്, അതുകൊണ്ട് ഞാൻ ഹാപ്പിയാണ്; മത്സരശേഷം ചെന്നൈ നായകൻ പറഞ്ഞ വാക്കുകളിൽ ആരാധകർ അസ്വസ്ഥർ

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആർസിബിയോട് ചെന്നൈ പരാജയം ഏറ്റുവാങ്ങിയിരുന്നു. 50 റൺസിന്റെ തോൽവി ചെന്നൈ ഏറ്റുവാങ്ങിയപ്പോൾ കളിയുടെ എല്ലാ ഡിപ്പാർട്മെന്റിലും ബാംഗ്ലൂർ ചെന്നൈയെ കശക്കിയെറിഞ്ഞെന്ന് പറയാം. എന്തായാലും മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ ചെന്നൈ നായകൻ പറഞ്ഞ പ്രസ്താവന ആരാധകർക്ക് ഷോക്കായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ആർസിബി ഉയർത്തിയ 197 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ തുടക്കം മുതൽ അടിതെറ്റിയ ചെന്നൈയുടെ പോരാട്ടം 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 146റൺസിൽ അവസാനിച്ചു. 41 റൺസെടുത്ത രച്ചിൻ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ് സ്കോറർ. ചെന്നൈക്കായി എട്ടാമനായി ക്രീസിലിറങ്ങിയ ധോണി രണ്ട് സിക്സും മൂന്ന് ഫോറും പറത്തി 15 പന്തിൽ 30 റൺസുമായി പുറത്താകാതെ നിന്നു.

ചെന്നൈ നായകൻ പറഞ്ഞത് ഇങ്ങനെ : “ഞങ്ങൾ 50 റൺസിന് തോറ്റതിൽ ഇപ്പോഴും സന്തോഷമുണ്ട്, അത് വലിയ ഒരു മാർജിൻ ആയി തോന്നുന്നില്ല,” അദ്ദേഹം പറഞ്ഞു. മത്സരത്തിനിടെ നിരവധി ക്യാച്ചുകൾ കൈവിട്ടതിന് അദ്ദേഹം സഹതാരങ്ങളെ വിമർശിച്ചു. ആർ‌സി‌ബി ക്യാപ്റ്റൻ രജത് പട്ടീദറിന് വലിയ സ്കോർ നേടാൻ അനുവദിച്ചതും ചെന്നൈ ഫീൽഡർമാരുടെ മണ്ടത്തരം കാരണമായിരുന്നു. 32 പന്തിൽ നിന്ന് 51 റൺസ് നേടിയ രജത് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

“170 റൺസ് വരെ അവ്‌ബേർ പോകുമായിരുന്നുള്ളു. പക്ഷേ മോശം ഫീൽഡിംഗ് കളിയിൽ ഞങ്ങൾക്ക് പണി കിട്ടി. 170 റൺസ് പിന്തുടരുമ്പോൾ നിങ്ങൾ വ്യത്യസ്തമായി ബാറ്റ് ചെയ്യുന്നു, പക്ഷേ 20 റൺസ് കൂടി നേടിയാൽ കാര്യങ്ങൾ ബുദ്ധിമുട്ടാകും. പിച്ച് ബാറ്റ് ചെയ്യാൻ എളുപ്പമല്ലായിരുന്നു, രണ്ടാം ഇന്നിംഗ്സിൽ അത് മാറി. ഉപരിതലം കൂടുതൽ സ്റ്റിക്കി ആയി മാറി. നമ്മൾ ഫീൽഡിംഗ് ഡിപ്പാർട്ട്മെന്റ് മെച്ചപ്പെടുത്തേണ്ടതുണ്ട്. കളിയുടെ നിർണായക ഘട്ടങ്ങളിൽ നമുക്ക് ക്യാച്ചുകൾ കൈവിടാൻ പറ്റില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.