ഉള്ളത് പറയാമല്ലോ, മണ്ടത്തരമായി പോയി ഇന്ത്യ കാണിച്ചത്; അസ്വസ്ഥത പ്രകടിപ്പിച്ച് രവിചന്ദ്രൻ അശ്വിൻ

വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമിൽ അഞ്ച് സ്പിന്നർമാരെ തിരഞ്ഞെടുത്തതിന് പിന്നിലെ ഇന്ത്യയുടെ ചിന്തയെക്കുറിച്ച് ഓഫ് സ്പിന്നിംഗ് ഇതിഹാസം രവിചന്ദ്രൻ അശ്വിൻ ആശങ്ക ഉന്നയിച്ചു. സെലക്ടർമാർ സാധാരണയായി 3 അല്ലെങ്കിൽ 4 സ്പിന്നർമാരെ തിരഞ്ഞെടുക്കാറുണ്ടെന്നും എന്നാൽ ഇപ്പോൾ ഉള്ള ടീമിൽ തനിക്ക് ആശങ്ക ആണെന്നും അശ്വിൻ പറഞ്ഞു.

രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ് ആയിരുന്നു ആദ്യം ടീമിൽ ഉണ്ടായിരുന്നത്. എന്നാൽ ജസ്പ്രീത് ബുംറ പരിക്കുമൂലം ടൂർണമെൻ്റിൽ നിന്ന് പുറത്തായതിനെത്തുടർന്ന് അദ്ദേഹത്തിന് പകരമായി ഹർഷിത് റാണയെ എടുത്ത അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ടർമാർ, യശസ്വി ജയ്‌സ്വാളിന് പകരം മറ്റൊരു സ്പിന്നർ വരുൺ ചക്രവർത്തിയെ നിയമിച്ചു.

ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് അഞ്ച് സ്പിന്നർമാരെ തിരഞ്ഞെടുത്തതിന് പിന്നിലെ യുക്തിയെ രവിചന്ദ്രൻ അശ്വിൻ തൻ്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ ചോദ്യം ചെയ്തു. നിലവിലെ കോമ്പിനേഷനിൽ വരുൺ ചക്രവർത്തിയെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

“എനിക്ക് മനസ്സിലാകാത്തത് ഞങ്ങൾ ദുബായിലേക്ക് കൊണ്ടുപോകുന്ന സ്പിന്നർമാരുടെ എണ്ണമാണ്. 5 സ്പിന്നർമാരെ ഞങ്ങൾ ഇറക്കി. ജയ്‌സ്വാൾ പുറത്തായി. 3 അല്ലെങ്കിൽ 4 സ്പിന്നർമാരെയാണ് എടുക്കേണ്ടത്.”

“അക്സറും ജഡേജയും ഹാർദിക്കും കുൽദീപും ആകും ഇറങ്ങുക. വരുൺ ചക്രവർത്തിയെ ടീമിൽ ഉൾപ്പെടുത്തണമെങ്കിൽ, നിങ്ങൾ ഒരു പേസറെ പുറത്തിരുത്തി ഹാർദിക്കിനെ രണ്ടാം പേസറായി ഉപയോഗിക്കേണ്ടിവരും.”

എന്തായാലും ദുബായ് ഗ്രൗണ്ടിൽ ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഇന്ത്യ എടുത്ത തീരുമാനം പാളിയോ എന്ന് കണ്ടറിയണം.