ബാബറിനെ പോലെ ഒരു താരത്തിനെ അത് പറഞ്ഞ് മനസിലാക്കാൻ എടുത്തത് 2 മാസമാണ്, പാകിസ്ഥാൻ ടീമിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മുഹമ്മദ് ഹഫീസ്

2023 ലെ ഏകദിന ലോകകപ്പിന് ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട പുതിയ വാർത്തകളാണ് ഓരോ ദിവസവും വരുന്നത്. ലോകകപ്പിലെ ടീമിൻ്റെ മോശം പ്രകടനത്തിന് ശേഷം ബാബർ അസം ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയും ബാക്ക്റൂം സ്റ്റാഫിൽ മറ്റ് നിരവധി മാറ്റങ്ങളും വരുത്തുകയും ചെയ്തു. മൊഹമ്മദ് ഹഫീസിനെ ദേശീയ ടീം ഡയറക്ടറായി നിയമിച്ചു എങ്കിലും ഓസ്‌ട്രേലിയ, ന്യൂസിലൻഡ് പര്യടനങ്ങളിൽ പാകിസ്ഥാൻ കനത്ത തോൽവി ഏറ്റുവാങ്ങി. പാകിസ്ഥാൻ ടീം ഡയറക്‌ടർ എന്ന നിലയിലുള്ള തൻ്റെ കാലാവധി വളരെ നേരത്തെ തന്നെ അവസാനിച്ച ഹഫീസ് ഇപ്പോഴിതാ ബാബാദ് അസം, മുഹമ്മദ് റിസ്വാൻ എന്നിവരുമായി നടത്തിയ സംഭാഷണങ്ങൾ പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.

ഏകദിന ലോകകപ്പിൽ ബാബറിന് തൻ്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് പര്യടനങ്ങളിലും ഇതേ പ്രവണത തുടർന്നു. ടീമിൻ്റെ പുരോഗതിക്കായി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ബാബറിനോട് ആവശ്യപ്പെട്ടെങ്കിലും മുൻ നായകനെ അത് ബോധ്യപ്പെടുത്താൻ രണ്ട് മാസമെടുത്തുവെന്ന് ഹഫീസ് വെളിപ്പെടുത്തി.

“നിങ്ങൾ പാകിസ്ഥാനുവേണ്ടി ഇത് ചെയ്യണമെന്നും അത് ചെയ്യുന്ന ആദ്യത്തെയാളല്ലെന്നും ബാബർ അസമിനെ ബോധ്യപ്പെടുത്താൻ എനിക്ക് രണ്ട് മാസമെടുത്തു. പാകിസ്ഥാൻ ടീമിനെ വികസിപ്പിക്കാൻ എനിക്ക് നിങ്ങളെ ആവശ്യം ആണെന്നും എന്നാൽ നിങ്ങൾ രണ്ടുപേരുമല്ല പാകിസ്ഥാൻ ടീം എന്ന സത്യം മനസിലാക്കണം എന്നും ബാബറിനെയും റിസ്‌വാനേയും പറഞ്ഞ് മനസിലാക്കുക ബുദ്ധിമുട്ടാണ്.” ഹഫീസ് എ-സ്‌പോർട്‌സിൽ പറഞ്ഞു.

ബാബറിനോട് പറഞ്ഞതായി മുൻ താരം പറഞ്ഞത് ഇങ്ങനെയാണ്:

“ഞങ്ങൾക്ക് ഒരു ടീമിനെ വികസിപ്പിക്കേണ്ടതുണ്ട്, അതിനായി, നിങ്ങൾ മൂന്നാം നമ്പറിൽ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കാരണം നിങ്ങൾ കഴിഞ്ഞ ആറ് വർഷമായി ഏകദിന ക്രിക്കറ്റിൽ ഈ പങ്ക് വഹിക്കുന്നു, അതിനാൽ ഇത് നിങ്ങളെ ബാധിക്കില്ല; സാങ്കേതികമായി നിങ്ങൾ വളരെ ശക്തനാണ്. ഇത് സ്വീകരിച്ചതിന് അദ്ദേഹത്തോട് വളരെ നന്ദിയുണ്ട്, കൂടാതെ അദ്ദേഹം പാകിസ്ഥാന് വേണ്ടി മൂന്നാം നമ്പറിൽ കളിച്ചു, അതാണ് നീങ്ങാനുള്ള ഏറ്റവും നല്ല മാർഗമെന്ന് ഞാൻ കരുതുന്നു,” ഹഫീസ് കൂട്ടിച്ചേർത്തു.

ന്യൂസിലൻഡിനെതിരെ ടി20യിൽ ബാബർ ടീമിലെ മൂന്നാം സ്ഥാനത്തെത്തി, റിസ്വാനൊപ്പം സയിം അയൂബ് ബാറ്റിംഗ് ഓപ്പൺ ചെയ്തു. കിവീസിനെതിരെ അഞ്ച് മത്സരങ്ങളിൽ നിന്ന് 42.60 ശരാശരിയിൽ 213 റൺസാണ് ബാബർ നേടിയത്.