ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മികച്ച സ്‌കോര്‍ നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. സിഎസ്‌കെയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഓപ്പണിങില്‍ ഇറങ്ങിയ കെഎല്‍ രാഹുലിന്റെ അര്‍ധസെഞ്ച്വറി മികവിലാണ് ഡല്‍ഹിയുടെ മുന്നേറ്റം. 51 പന്തുകളില്‍ ആറ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 77 റണ്‍സെടുത്താണ് ഐപിഎലില്‍ കെഎല്‍ തന്റെ ഫോം വീണ്ടെടുത്തത്. അഭിഷേക് പോറല്‍(33), അക്‌സര്‍ പട്ടേല്‍(21), സമീര്‍ റിസ്വി(20), ട്രിസ്റ്റന്‍ സ്റ്റബ്‌സ്(24) എന്നിവരും തിളങ്ങിയ മത്സരത്തില്‍ ഡല്‍ഹി 20 ഓവറില്‍ അഞ്ചിന് 183 റണ്‍സെടുത്തു.
ഡല്‍ഹിക്കായി കഴിഞ്ഞ മത്സരത്തില്‍ മധ്യനിരയിലായിരുന്നു കെഎല്‍ രാഹുല്‍ ഇറങ്ങിയത്. എന്നാല്‍ ഇന്ന് ഫാഫ് ഡുപ്ലസിസിന് പരിക്കേറ്റതോടെ ഓപ്പണിങ് ബാറ്ററായി ഇറങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ 15 റണ്‍സെടുത്ത് പുറത്തായ രാഹുല്‍ ഇത്തവണ കരുതലോടെയാണ് ബാറ്റിങ്ങിനിറങ്ങിയത്. തുടക്കത്തിലേ ജേക്ക് ഫ്രേസര്‍ മക്ഗ്രര്‍ക്കിനെ ഡല്‍ഹിക്ക് നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാമന്‍ അഭിഷേക് പോറലിനെ കൂട്ടുപിടിച്ച് പവര്‍പ്ലേ ഓവറുകളില്‍ രാഹുല്‍ ഡല്‍ഹിയെ മുന്നോട്ടുനയിക്കുകയായിരുന്നു.
തുടര്‍ന്ന് അക്‌സര്‍ പട്ടേലിനൊപ്പവും സമീര്‍ റിസ്വിക്കൊപ്പവും ട്രിസ്റ്റന്‍ സ്റ്റബ്‌സിനൊപ്പവും രാഹുല്‍ ടീം സ്‌കോര്‍ ഉയര്‍ത്തി. അവസാന ഓവറില്‍ മതീഷ പതിരണയുടെ പന്തില്‍ കീപ്പര്‍ ധോണിക്ക് ക്യാച്ച് നല്‍കിയാണ് രാഹുലിന്റെ പുറത്താവല്‍. നേരത്തെ ഡല്‍ഹി ക്യാപ്റ്റന്‍ സ്ഥാനം വെണ്ടെന്നുവച്ച കെഎല്‍ പുതിയ നായകന്‍ അക്‌സര്‍ പട്ടേലിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.