ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ തന്റെ മികച്ച രണ്ട് സുഹൃത്തുക്കള്‍ ആരെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. വിരാട് കോഹ്ലിയും ഇഷാന്ത് ശര്‍മ്മയും ഇന്ത്യന്‍ ടീമിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്ന് ഷമി വെളിപ്പെടുത്തി. പരിക്കിനെത്തുടര്‍ന്ന് കളിയില്‍ നിന്ന് വിട്ടുനിന്ന സമയത്ത് ഇവര്‍ തന്നെ നിരന്തരം വിളിച്ച് താരങ്ങല്‍ തിരക്കിയിരുന്നെന്ന് പേസര്‍ കൂട്ടിച്ചേര്‍ത്തു.
‘വിരാട് കോഹ്ലിയും ഇഷാന്ത് ശര്‍മ്മയും എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളാണ്. എനിക്ക് പരിക്കേറ്റപ്പോള്‍ അവര്‍ എന്നെ നിരന്തരം വിളിച്ചിരുന്നു,’ ശുഭങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലില്‍ ഷമി പറഞ്ഞു. 2023ലെ ഏകദിന ലോകകപ്പിന് ശേഷം പരിക്കിനെത്തുടര്‍ന്ന് ഷമി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും 2024ലെ ടി20 ലോകകപ്പ് താരത്തിന് നഷ്ടമാവുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ ടീമിലെ പ്രധാന അംഗങ്ങളില്‍ ഒരാളാണ് ഷമി, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരോടൊപ്പം ശക്തമായ പേസ് ത്രയത്തെ താരം രൂപപ്പെടുത്തുന്നു. പരിക്കിന് ശേഷം നെറ്റ്സില്‍ ബോളിംഗിലേക്ക് തിരിച്ചെത്തിയ സ്റ്റാര്‍ പേസര്‍ തന്റെ തിരിച്ചുവരവില്‍ ശുഭാപ്തിവിശ്വാസത്തിലാണ്.
അതേസമയം, ലോകകപ്പില്‍ ഇന്ത്യക്കായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഷമി നടത്തിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായിരുന്നു താരം. ഒരു ലോക ചാമ്പ്യനാകാന്‍ പേസര്‍ സ്വപ്നം കാണുന്നു. ടി20 ലോകകപ്പില്‍ കളിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാകുമായിരുന്നു. ടി20 ലോകകപ്പ് നഷ്ടമായപ്പോള്‍, കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തിലല്ലെന്നും ലോകകപ്പ് കളിച്ച ഓരോ കളിക്കാരനും വിജയിക്കാന്‍ അര്‍ഹതയുണ്ടെന്നും ഷമി പറഞ്ഞു.