ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ആതിഥേയരായ പാകിസ്ഥാന് പുറത്താകേണ്ടി വന്നത് കൊണ്ട് തന്നെ ടീമിൽ വൻ അഴിച്ച് പണിയാണ് ബോർഡ് നടത്തിയിരിക്കുന്നത്. ടൂർണമെന്റിൽ മോശമായ പ്രകടനങ്ങൾ കാഴ്ച വെച്ച ബാബർ അസം, ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ എന്നിവരെ പുറത്തിരുത്തി പുതിയ താരങ്ങളെ കൊണ്ട് വരാനാണ് പിസിബി പദ്ധതിയിടുന്നത്.
ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പരാജയം ഏറ്റുവാങ്ങി പുറത്താകേണ്ടി വന്നത് കൊണ്ട് തന്നെ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, പേസ് ബോളർ ഷഹീൻ ഷാ അഫ്രീദി എന്നിവർക്ക് നേരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. നായകനായ ആദ്യ ഐസിസി ടൂർണമെന്റ് തന്നെ ടീം ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ ഒന്നിൽ പോലും വിജയിക്കാതെ പുറത്താകേണ്ടി വന്നതിൽ മുഹമ്മദ് റിസ്‌വാന് നേരെ പല മുൻ താരങ്ങളും രംഗത്ത് എത്തിയിരുന്നു.
അടുപ്പിച്ച് രണ്ട് മത്സരങ്ങളും, ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിനെതിരെ നടക്കുന്ന അവസാന മത്സരം ഉപേക്ഷിക്കപ്പെട്ടതും ആതിഥേയർക്ക് തിരിച്ചടിയായി. മാർച്ച് 16 മുതൽ ന്യുസിലാന്റിൽ ആരംഭിക്കുന്ന പരമ്പരയിൽ അഞ്ച് ടി-20 മത്സരങ്ങളാണ് വരുന്നത്. വരും ദിവസങ്ങളിൽ ടീം പ്രഖ്യാപനം ഉണ്ടായേക്കും. ടി 20 ആയതിനാൽ സീനിയർ താരങ്ങളിൽ പലർക്കും സീറ്റ് നഷ്ടപ്പെടാനുള്ള സാധ്യതയും കാണുന്നുണ്ട്.