രഞ്ജി ട്രോഫി ഫൈനൽ: ലീഡ് നേടാനാവാതെ കേരളം; പൂർണാധിപത്യത്തിൽ വിദർഭ; കിരീടം നഷ്ടപ്പെടാൻ സാധ്യത

രഞ്ജി ട്രോഫിയിലെ ഫൈനൽ മത്സരത്തിലെ മൂന്നാം ദിനം അവസാനിക്കുമ്പോൾ വിദർഭയ്‌ക്കെതിരെ ലീഡ് നേടാനാവാതെ കേരളം. ആദ്യ ഇന്നിങ്സിൽ കേരളം 342 ന് ഓൾ ഔട്ട്. വിദർഭയുടെ ലീഡ് സ്കോർ 37 റൺസ്. തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കണമെങ്കിൽ ഇനിയുള്ള രണ്ട് ദിവസങ്ങൾക്കുള്ളിൽ കേരളം വിദർഭയ്ക്കെതിരെ വിജയിക്കണം.

നിലവിലെ വിജയ സാധ്യത വിദർഭയ്‌ക്ക് ആണ്. മത്സരം സമനിലയിലായാൽ ഒന്നാം ഇന്നിം​ഗ്സ് ലീഡിന്റെ അടിസ്ഥാനത്തിൽ വിദർഭയ്ക്ക് രഞ്ജി ട്രോഫി സ്വന്തമാക്കാം. മൂന്നാം ദിനം ആരംഭിക്കുമ്പോൾ കേരളം 131 എന്ന നിലയിലാണ് ആരംഭിച്ചത്. ദിനം അവസാനിച്ചപ്പോൾ 342 ന് ഓൾ ഔട്ട് ആകേണ്ടി വന്നു.

79 റൺസെടുത്ത ആദിത്യ സർവാതെയുടെയും 98 റൺസെടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും പ്രകടനമാണ് കേരളത്തിന് പ്രതീക്ഷകൾ നൽകിയത്. 185 പന്തിൽ 10 ഫോറുകൾ ഉൾപ്പെടെയാണ് സർവാതെ 79 റൺസെടുത്തത്. 235 പന്തുകൾ നേരിട്ട് 10 ഫോറുകൾ സഹിതം സച്ചിൻ 98 റൺസെടുത്ത് പുറത്തായി.

സെഞ്ചുറിക്ക് അരികിൽ നിൽകുമ്പോൾ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് സച്ചിൻ പുറത്തായത്. എന്തിരുന്നാലും അദ്ദേഹത്തിന്റെ ഇന്നിങ്സിന്റെ ബലത്തിലാണ് കേരളത്തിന് ലീഡിനരികിൽ നിൽകാനായത്. മുഹമ്മദ് അസ്ഹറുദ്ദീൻ 34, ജലജ് സക്സേന 28, രണ്ടാം ദിവസം അഹമ്മദ് ഇമ്രാൻ 37 എന്നിങ്ങനെയാണ് കേരള താരങ്ങളുടെ സ്കോറിങ്ങുകൾ.