വിന്‍ഡീസ് സൂപ്പര്‍ താരം ആന്ദ്രെ റസലിന് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കുമെന്ന് വ്യക്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം പരിശീലകന്‍ ഡേവിഡ് ഹസി. മികച്ച ഫോമിലായിരുന്നിട്ടും കഴിഞ്ഞ സീസണില്‍ റസലിന്റെ പ്രകടനങ്ങള്‍ ടീമിന് വേണ്ടത്ര ഗുണം ചെയ്തില്ലെന്ന് വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് താരത്തിന് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കുന്നത്.
“കൊല്‍ക്കത്ത ടീമിന്റെ ഹൃദയമിടിപ്പാണ് റസല്‍. അദ്ദേഹത്തിനൊപ്പം എന്തും സാധിക്കാനാകും. റസലിനു സ്ഥാനക്കയറ്റം നല്‍കുന്നതു ടീമിന് ഉപകരിക്കുമെങ്കില്‍ എന്തുകൊണ്ട് അതായിക്കൂടാ? മൂന്നാം നമ്പരില്‍ റസല്‍ ഇറങ്ങി 60 പന്തുകള്‍ അദ്ദേഹത്തിന് നേരിടാന്‍ സാധിച്ചാല്‍ 200 റണ്‍സ് നേടാന്‍ വരെ കഴിയും.” ഹസി പറഞ്ഞു.
ഇയാന്‍ മോര്‍ഗന്റെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്നും ഹസി പറഞ്ഞു. “ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കിന് ഏറ്റവും വലിയ സഹായമായിരിക്കും മോര്‍ഗന്‍. ക്യാപ്റ്റന്‍ വിക്കറ്റിനു പിറകില്‍ നില്‍ക്കുമ്പോള്‍ ബോളര്‍മാരെ സഹായിക്കാന്‍ മോര്‍ഗന് സാധിക്കും. മധ്യനിരയില്‍ കാര്‍ത്തിക്കിനൊപ്പം ബാറ്റിംഗ് നിയന്ത്രിക്കാനും മോര്‍ഗനുണ്ടാകും” ഹസി പറഞ്ഞു.
Read more
കഴിഞ്ഞ ഐ.പി.എല്ലില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന റസല്‍ 14 മത്സരങ്ങളില്‍നിന്ന് 510 റണ്‍സാണു നേടിയത്. പലഘട്ടങ്ങളിലും ടീമിന് കരുത്തായത് റസലിന്റെ പ്രകടനങ്ങളായിരുന്നു. ദിനേഷ് കാര്‍ത്തിക്ക്, മോര്‍ഗന്‍, റസല്‍, നിതിഷ് റാണ, ശുഭ്മാന്‍ ഗില്‍, ടോം ബാന്റന്‍ തുടങ്ങിയ ശക്തമായനിരയാണ് കൊല്‍ക്കത്തയുടെ ബാറ്റിംഗ് കരുത്ത്.