'വെടിയുണ്ട പോലെയാണവന്‍'; ലോകത്തിലെ ഏറ്റവും മികച്ച പേസര്‍ ആരെന്ന് പറഞ്ഞ് ഷെയ്ന്‍ ബോണ്ട്

ലോകത്തിലെ ഏറ്റവും മികച്ച പേസ് ബോളരില്‍ ഒരാളായി വാഴ്ത്തപ്പെടുന്ന താരമാണ്  ന്യൂസീലന്‍ഡ് മുന്‍ പേസറും മുംബൈ ഇന്ത്യന്‍സിന്റെ ബോളിംഗ് പരിശീലകനുമായ ഷെയ്ന്‍ ബോണ്ട്. ആ ബോണ്ടിനെ ഇക്കാലത്ത് ആകര്‍ഷിച്ച ബോളര്‍ ആരായിരിക്കും? ഒരിക്കല്‍ ബോണ്ട് തന്നെ അക്കാര്യം വെളിപ്പെടുത്തുകയുണ്ടായി. ഇന്ത്യയുടെ ജസ്പ്രീത് ബുംറയെയാണ് ക്രിക്കറ്റിലെ നിലവിലെ മികച്ച പേസറായി ബോണ്ട് ചൂണ്ടിക്കാണിക്കുന്നത്.

“ബുംറയാണ് നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബോളര്‍. ആഗ്രഹമാണ് അവനെ ലോകത്തിലെ ഏറ്റവും മികച്ച ബോളറായിരിക്കാന്‍ സഹായിക്കുന്നത്. എന്നും ഒന്നാമതായിരിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. വെടിയുണ്ട പോലെയാണവന്‍. അവന്‍ വളരെ വേഗത്തിലല്ല പന്തെറിയാനായി ഓടുന്നത്.പതിയെ തുടങ്ങി അവസാനത്തെ ചുവടുകളില്‍ അതിവേഗം കൈവരിക്കുന്ന രീതിയാണ് അവന്റേത്.”

“അവന്റെ ആക്ഷനും കൈകളുടെ പൊസിഷനും തികച്ചും വ്യത്യസ്തമാണ്. ചെറിയ ഓട്ടത്തിന് ശേഷം പെട്ടെന്ന് വേഗം കൂട്ടാനുള്ള പ്രത്യേക മികവ് അവനുണ്ട്. ബാറ്റ്സ്മാനെ ഞെട്ടിക്കാന്‍ അവന് സാധിക്കും. ഇരു വശങ്ങളിലേക്കും അനായാസം പന്ത് വ്യതിചലിപ്പിക്കാനും അവന് മികവുണ്ട്” ബോണ്ട് പറഞ്ഞു.

Read more

കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ 15 വിക്കറ്റാണ് ബുംറ നേടിയത്. ഇന്ത്യയ്ക്കായി 30 ടെസ്റ്റില്‍ നിന്ന് 128 വിക്കറ്റും 72 ഏകദിനത്തില്‍ നിന്ന് 121 വിക്കറ്റും 58 ടി20യില്‍ നിന്ന് 69 വിക്കറ്റും  ബുംറ വീഴ്ത്തിയിട്ടുണ്ട്. 120 ഐ.പി.എല്ലില്‍ നിന്നായി 145 വിക്കറ്റും ബുംറയുടെ പേരിലുണ്ട്.