ആ നാല് സിക്‌സറുകള്‍ക്ക് ലോക കിരീടങ്ങള്‍ കൊണ്ട് അയാള്‍ പ്രായശ്ചിത്തം ചെയ്യുകയാണ്..!

92 ആവര്‍ത്തിക്കുവാന്‍ പാകിസ്താനു വേണ്ടി ഒരു വാസീം അക്രം പുനര്‍ജനിക്കണമായിരുന്നു. സെക്കന്റ് സ്‌പെല്ലില്‍ രണ്ട് മാജിക്കല്‍ ഡെലിവറികള്‍ കൊണ്ട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അടിവേരറുക്കുവാന്‍ തക്ക സ്‌കില്ലും, വില്ലും ഫിറ്റ്‌നസുമുള്ള ഒരു ജാലവിദ്യക്കാരന്‍.

ആ ജാലവിദ്യകാട്ടാനുള്ള ശാരീരികക്ഷമത ഷഹീന്‍ ഷാ ആഫ്രിഡിയ്ക്കില്ലാതെ പോയപ്പോള്‍, 92 ഇനിയൊരിക്കല്‍ കൂടി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു വരുത്താന്‍ ഇംഗ്ലണ്ടിനൊപ്പം ഒരു രാജകുമാരനുണ്ടായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് അയാള്‍ കളിച്ച ടി 20 മത്സരങ്ങളുടെ എണ്ണം വളരെ വിരളമായിരുന്നു. റെപ്യുട്ടേഷന്‍ നോക്കാതെ പല ബിഗ് നെയിംസിനേയും ഒഴിവാക്കിയ ഇംഗ്ലണ്ടിന്, പക്ഷേ അയാളുടെ നിശ്ചയദാര്‍ഢ്യത്തെ മറ്റെന്തിനെക്കാള്‍ ഏറെ വിശ്വാസമായിരുന്നു.

നസീം ഷായുടെ ഒരു വഹാബ് റീയാസിയന്‍ സ്‌പെല്ലില്‍ തുടരെ ബീറ്റണ്‍ ആയപ്പോഴും അയാളുടെ മുഖത്ത് സംഭ്രമത്തിന്റെ ഒരു തരി പോലുമില്ലായിരുന്നു. ഈഡന്‍ ഗാര്‍ഡസിന്റെ ഗ്യാലറിയിലേക്ക് തുടരെത്തുടരെ താഴെന്നിറങ്ങിയ ആ നാല് സിക്‌സറുകള്‍ക്ക് ലോക കിരീടങ്ങള്‍ കൊണ്ട് അയാള്‍ പ്രായശ്ചിത്തം ചെയ്യുക യാണ്..

ഹെഡിങ്‌ലീ.. ലോര്‍ഡ്‌സ്.. മെല്‍ബണ്‍… തോറ്റു പോയി എന്ന് തോന്നി തുടങ്ങുമ്പോള്‍ അയാള്‍ അവതരിക്കും. ‘ബെഞ്ചമിന്‍ ആണ്ട്രു സ്റ്റോക്ക്‌സ് The man for big occasions

കടപ്പാട്:  മലയാളി ക്രിക്കറ്റ് സോണ്‍