ഹാർദിക്കിനെ ടെസ്റ്റിലേക്ക് എടുക്കൂ, ഇന്നലെ ടി-20 യിൽ അവൻ അതാണ് കളിച്ചത്; തുറന്നടിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ

ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടി 20 യിൽ 26 റൺസിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ബാറ്റിംഗ് ഓർഡറിൽ വന്ന തകർച്ചയാണ് ടീം തൊൽകാനുള്ള പ്രധാന കാരണം. സഞ്ജു സാംസൺ, സൂര്യ കുമാർ, തിലക് വർമ, ദ്രുവ് ജുറൽ, വാഷിംഗ്‌ടൺ സുന്ദർ, അക്‌സർ പട്ടേൽ എന്നിവർ ബാറ്റിംഗിൽ പരാജയമായതാണ് കാരണം.

എന്നാൽ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ടോപ് സ്കോററായ താരമാണ് ഹാർദിക്‌ പാണ്ട്യ. 35 പന്തുകളിൽ നിന്ന് 40 റൺസും ബോളിങ്ങിൽ രണ്ട് വിക്കറ്റുകളും നേടാൻ താരത്തിന് സാധിച്ചു. പക്ഷെ താരം കളിച്ചത് ടി 20 അല്ലെന്നും മറിച്ച് അത് ടെസ്റ്റ് ആണെന്നും വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ.

പാർഥിവ് പട്ടേൽ പറയുന്നത് ഇങ്ങനെ:

” അവൻ ബാറ്റ് ചെയ്തപ്പോൾ ആദ്യം കുറെ സമയം കളയുന്നത് പോലെ തോന്നി. ഞാൻ കരുതിയത് ബോളിനെയും പിച്ചിനെയും മനസിലാക്കാൻ സമയം വേണം അതായിരിക്കും കാരണം എന്നാണ്. ഈ ഫോർമാറ്റിൽ നിങ്ങൾ 20 അല്ലെങ്കിൽ 25 ബോളുകൾ എടുത്ത് നിലയുറപ്പിക്കുന്നത് ടീമിന് ഗുണകരമല്ല”

പാർഥിവ് പട്ടേൽ തുടർന്നു:

” ഹാർദിക്കിന് വലിയ ഷോട്ടുകൾ അടിക്കാൻ പ്രയാസമാണെങ്കിൽ വേണ്ട, അപ്പോൾ നിങ്ങൾ ചെയ്‌യേണ്ടത് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തു റൺസ് ഉയർത്തുകയാണ്. ഒരു ഓവറിൽ മൂന്നോ നാലോ പന്തുകൾ ഡോട്ട് ആക്കുന്നത് നല്ലതല്ല” പാർഥിവ് പട്ടേൽ പറഞ്ഞു.