സച്ചിന്‍ വേട്ട തുടങ്ങിയ ദിനം; ബ്രാഡ്മാന്‍ വേട്ട നിര്‍ത്തിയ നാള്‍

ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മഹാന്‍മാരായ ബാറ്റ്‌സ്മാന്‍മാരുടെ ഗണത്തിലാണ് ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറിനും ഓസ്‌ട്രേലിയയുടെ ഡോണ്‍ ബ്രാഡ്മാനും ഇടം. ഇതിഹാസങ്ങള്‍ എന്ന വിശേഷണം അക്ഷരാര്‍ത്ഥത്തില്‍ ചേരുന്ന മഹാപ്രതിഭകളാണവര്‍. സച്ചിനെ ബ്രാഡ്മാന്റെ ശരിക്കുള്ള പിന്‍ഗാമിയെന്ന് വിലയിരുത്തുന്നവരും ചില്ലറയല്ല. ബ്രാഡ്മാനെയും സച്ചിനെയും താരതമ്യം ചെയ്യുമ്പോള്‍ കടന്നുവരുന്ന ദിവസമാണ് ഓഗസ്റ്റ് 14. സച്ചിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേട്ടത്തിനും ബ്രാഡ്മാന്റെ കരിയറിലെ അവസാന ഇന്നിംഗ്‌സിനും സാക്ഷിയായതിലൂടെ ഓഗസ്റ്റിലെ തിയതി ക്രിക്കറ്റ് ചരിത്രത്തില്‍ സവിശേഷമാകുന്നു.

1948 ഓഗസ്റ്റ് 14നാണ് ബ്രാഡ്മാന്‍ തന്റെ സുദീര്‍ഘമായ ക്രിക്കറ്റ് ജീവിതത്തിലെ അവസാന ഇന്നിംഗ്‌സ് കളിച്ചത്. ക്രിക്കറ്റില്‍ ഇതുവരെ ആരും സ്വന്തമാക്കിയിട്ടില്ലാത്ത 100 എന്ന ബാറ്റിംഗ് ശരാശരി ലക്ഷ്യമിട്ടാണ് ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ബ്രാഡ്മാന്‍ ക്രീസിലെത്തിയത്. എന്നാല്‍ ഇംഗ്ലീഷ് ലെഗ് സ്പിന്നര്‍ എറിക് ഹോളിസിന്റെ പന്തില്‍ ബ്രാഡ്മാന്റെ വിക്കറ്റ് തെറിച്ചപ്പോള്‍ ആരാധകര്‍ തരിച്ചിരുന്നു. ഒരനുപമ നേട്ടം കൈവിട്ടതിന്റെ നിരാശയില്‍ ബ്രാഡ്മാന്‍ പവലിയനിലേക്ക് നടന്നുനീങ്ങി. നാല് റണ്‍സ് നേടിയിരുന്നെങ്കില്‍ ബ്രാഡ്മാന്റെ ആവറേജ് 100ല്‍ എത്തിയേന. എന്നാല്‍ ഒന്നിനും പൂര്‍ണതയില്ലെന്ന വാക്യം അടിവരയിട്ട് ബ്രാഡ്മാന്റെ ആവറേജ് 99.94ല്‍ ഒതുങ്ങിനിന്നു. ബ്രാഡ്മാന്‍ അവസാന ഇന്നിംഗ്‌സില്‍ നിറംമങ്ങിയെങ്കിലും ഓവലിലെ അഞ്ചാം ടെസ്റ്റും ജയിച്ച് പരമ്പര 4-0ത്തിന് ഓസ്‌ട്രേലിയ സ്വന്തമാക്കി.

നാല് പതിറ്റാണ്ടിനിപ്പുറം മറ്റൊരു ഓഗസ്റ്റ് 14 സച്ചിന്റെ കരിയറിലെ സുപ്രധാന സംഭവത്തിന് സാക്ഷ്യം വഹിച്ചു. അതിനും വേദിയൊരുക്കിയത് ക്രിക്കറ്റിന്റെ ജന്മനാടായ ഇംഗ്ലണ്ടാണെന്നതും കൗതുകകരമായ കാര്യം. 1990 ഓഗസ്റ്റ് മധ്യത്തിലെ ആ ദിവസം സച്ചിന്‍ കരിയറിലെ ആദ്യ ടെസ്റ്റ് ശതകം കുറിച്ചു. ക്രിസ് ലൂയീസും ആഗ്നസ് ഫ്രേസറും അടങ്ങിയ ഇംഗ്ലീഷ് ബോളിംഗ് നിരയെ പതിനേഴുകാരനായ ഇന്ത്യന്‍ പയ്യന്‍ മെരുക്കുന്നത് ലോകം അത്ഭുതത്തോടെ നോക്കിനിന്നു.

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 17 ബൗണ്ടറികളടക്കം പുറത്താകാതെ 119 റണ്‍സ് കുറിച്ച സച്ചിന്‍ ഇന്ത്യയെ ആവേശകരമായ സമനിലയിലെത്തിച്ചു. ടെസ്റ്റില്‍ 50 സെഞ്ച്വറികള്‍കൂടി സ്വന്തംപേരിലെഴുതി സച്ചിന്‍ റെക്കോഡിന്റെ ഗിരിശൃംഗം കയറിയത് പിന്നത്തെ ചരിത്രം. തന്റെ ആരാധാനപുരുഷനായ സാക്ഷാല്‍ ബ്രാഡ്മാനെക്കാള്‍ 22 ശതകങ്ങള്‍ സച്ചിന്‍ സ്വന്തമാക്കിയതും കണക്കു പുസ്തകത്തിലെ രജതരേഖയായിത്തീര്‍ന്നു.