ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടീം പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഈ ടൂർണമെന്റിൽ കപ്പ് ജേതാക്കളായെ തീരു.
ഇന്ത്യൻ ടീമിൽ വിരാട് കോഹ്‌ലിക്ക് ശേഷം ടീമിനെ ഉന്നതങ്ങളിൽ എത്തിക്കാൻ കെല്പുണ്ടെന്ന് പലരും വിധി എഴുതിയ താരമാണ് ശുഭ്മൻ ഗിൽ. എന്നാൽ നാളുകൾ ഏറെയായി ടീമിൽ മോശമായ പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിലും മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിന് സാധിച്ചില്ല. എന്നാൽ രഞ്ജി ട്രോഫിയിൽ കർണാടകയ്ക്കെതിരെ സെഞ്ച്വറി നേടാൻ താരത്തിന് സാധിച്ചു.
ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ പോകുന്ന താരം അത് ശുഭ്മൻ ഗിൽ ആയിരിക്കും എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം സുരേഷ് റെയ്‌ന.
സുരേഷ് റെയ്‌ന പറയുന്നത് ഇങ്ങനെ:
” ഈ വർഷം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ പ്ലയെർ ഓഫ് ദി ടൂർണമെന്റായി യുവ താരം ശുഭ്മൻ ഗില്ലിന്റെ പേര് കണ്ടാലും ഞാൻ അത്ഭുതപ്പെടില്ല. എന്റെ അഭിപ്രായത്തിൽ ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെക്കാൻ പോകുന്നത് അദ്ദേഹമായിരിക്കും” സുരേഷ് റെയ്‌ന പറഞ്ഞു.