മിച്ചൽ സ്റ്റാർക്കിൻ്റെ എട്ട് വിക്കറ്റ് നേട്ടമാണ് അഡ്‌ലെയ്ഡ് ഓവലിൽ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ തകർപ്പൻ ജയം സ്വന്തമാക്കാൻ ഓസ്‌ട്രേലിയയെ സഹായിച്ച കാരണങ്ങളിൽ ഒന്ന്. കളിയുടെ എല്ലാ ഡിപ്പാർട്ട്‌മെൻ്റുകളിലും ഇന്ത്യയെ തകർത്തെറിഞ്ഞ് ആതിഥേയർ 10 വിക്കറ്റിൻ്റെ ജയം സ്വന്തമാക്കി പരമ്പര സമനിലയിൽ എത്തിച്ചപ്പോൾ അവിടെ സ്റ്റാർക്ക് എന്ന ബോളർ ജ്വലിച്ച് നിന്നു. ഇപ്പോഴിതാ ഇടങ്കയ്യൻ സീമറുടെ സെൻസേഷണൽ ബൗളിങ്ങിന് പിന്നിൽ യശസ്വി ജയ്‌സ്വാളിന്റെ സ്വാധീനം ഉണ്ടെന്ന് മുൻ ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിംഗ് പറഞ്ഞിരിക്കുകയാണ്.
പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിൽ 161 റൺസ് നേടിയ ജയ്‌സ്വാൾ സ്റ്റാർക്കിൻ്റെ ബൗളിംഗിൽ ചില ഗംഭീര ഷോട്ടുകൾ കളിച്ചിരുന്നു. പതുക്കെ പന്തെറിയുകയാണെന്ന് പറഞ്ഞ് ഫാസ്റ്റ് ബൗളറെ സ്ലെഡ്ജ് ചെയ്യുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യ 295 റൺസിന് വിജയിച്ചു. യശസ്വിയുടെ വാക്കുകൾ സ്റ്റാർക്കിൻ്റെ ദേഷ്യം കൂട്ടുകയും തിരിച്ചുവരികയും ചെയ്യുകയാണ് ചെയ്തത്. പിങ്ക് ബോൾ ടെസ്റ്റിൻ്റെ ആദ്യ പന്തിൽ തന്നെ ജയ്‌സ്വാളിനെ പുറത്താക്കിയ അദ്ദേഹം അഞ്ച് വിക്കറ്റ് കൂടി തൻ്റെ കണക്കുകളിൽ കൂട്ടിച്ചേർത്തു. രണ്ടാം ഇന്നിങ്സിലേക്ക് വന്നാൽ അവിടെ താരം നേടിയത് 2 വിക്കറ്റുകളാണ്.
ഐസിസി റിവ്യൂവിൽ സഞ്ജന ഗണേശനുമായി സംസാരിച്ച പോണ്ടിങ് പറഞ്ഞത് ഇങ്ങനെ: “സ്റ്റാർക്ക് എളുപ്പത്തിൽ നിരാശനാകില്ല, ബാറ്റർ അവനോട് എന്തെങ്കിലും പറഞ്ഞാൽ, അവൻ മുഖത്ത് പുഞ്ചിരിയോടെ പ്രതികരിക്കും. അവൻ്റെ ഉള്ളിൽ കത്തുന്ന തീ മറയ്ക്കാൻ അവൻ വെറുതെ പുഞ്ചിരിക്കുകയാണ്. അഡ്‌ലെയ്ഡിൽ അദ്ദേഹം നന്നായി പന്തെറിഞ്ഞു,” റിക്കി പോണ്ടിംഗ് പറഞ്ഞു.
“സ്റ്റാർക്ക് തൻ്റെ സ്ഥിരതയ്ക്ക് പ്രശംസ അർഹിക്കുന്നു. തൻ്റെ കരിയറിൻ്റെ അവസാന ഘട്ടങ്ങളിൽ അദ്ദേഹം കൂടുതൽ അപകടകാരിയായി. സ്റ്റാർക്ക് തൻ്റെ ആദ്യ വർഷങ്ങളിൽ 150 കിലോമീറ്റർ വേഗതയിൽ എത്തിയിരുന്നു, ഇപ്പോൾ അവൻ 140.kmph എന്ന വേഗതയിൽ എറിയുന്നു. എന്നാൽ അദ്ദേഹം കൂടുതൽ സ്ഥിരത പുലർത്തുകയും വിക്കറ്റിന് വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്നു. സ്റ്റാർക്ക് ബാറ്റർമാർക്ക് അധികം അവസരങ്ങൾ നൽകുന്നില്ല,” റിക്കി പോണ്ടിംഗ് കൂട്ടിച്ചേർത്തു.