എന്നെ ബുദ്ധിമുട്ടിച്ച താരങ്ങൾ അവർ മൂന്ന് പേരുമാണ്, ലിസ്റ്റിൽ രണ്ട് ഇന്ത്യക്കാരും: നഥാൻ ലിയോൺ

ഓസ്‌ട്രേലിയൻ ഓഫ് സ്‌പിന്നർ നഥാൻ ലിയോൺ തന്റെ കരിയറിൽ താൻ നേരിട്ട ഏറ്റവും മികച്ച ബാറ്റർമാരായി മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ എബി ഡിവില്ലിയേഴ്‌സിനെ കൂടാതെ ഇന്ത്യൻ ഇതിഹാസങ്ങളായ വിരാട് കോഹ്‍ലിയെയും സച്ചിൻ ടെണ്ടുൽക്കറെയും തിരഞ്ഞെടുത്തു. കോഹ്‌ലി-ലിയോൺ പോരാട്ടം ഈ തലമുറയെ ഏറ്റവും ആകർഷിക്കുന്ന ഒന്നാണ്. കോഹ്‌ലിക്കാണ് ഈ പോരാട്ടത്തിൽ മുൻതൂക്കം. ഏഴ് തവണ പുറത്താക്കപ്പെട്ടെങ്കിലും, മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഓഫ് സ്പിന്നറിനെതിരെ ടെസ്റ്റിൽ 75 ന് മുകളിൽ ശരാശരിയുണ്ട്. ഏകദിനത്തിൽ ലിയോനിനെതിരെ പുറത്താകാതെ 96.2 സ്‌ട്രൈക്ക് റേറ്റിൽ 100 ​​റൺസും കോഹ്‌ലി നേടിയിട്ടുണ്ട്.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുമായുള്ള സംഭാഷണത്തിൽ ബൗൾ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റർമാരെ കുറിച്ച് ചോദിച്ചപ്പോൾ ലിയോൺ പറഞ്ഞു:

“ഞാൻ കളിച്ച ഏറ്റവും മികച്ച കളിക്കാരൻ, പേര് പറയുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ചില മഹാന്മാർക്കെതിരെ ഞാൻ കളിച്ചിട്ടുണ്ട്. ഞാൻ നിങ്ങൾക്ക് മൂന്ന് (പേരുകൾ) തരാം, അവർ വിരാട് കോഹ്ലി, സച്ചിൻ ടെണ്ടുൽക്കർ, എബി ഡിവില്ലിയേഴ്സ് എന്നിവരായിരിക്കും. അവരെ പുറത്താക്കാൻ ഞാൻ ശരിക്കും ബുദ്ധിമുട്ടിയിട്ടുണ്ട് ”

ഡിവില്ലിയേഴ്സ് 171 ശരാശരിയിൽ ലിയോണിന് എതിരെ ആധിപത്യം പുലർത്തുകയും 342 റൺസ് നേടുകയും ടെസ്റ്റിൽ രണ്ട് തവണ മാത്രം പുറത്താകുകയും ചെയ്തപ്പോൾ, സച്ചിന്റെ കഥ വ്യത്യസ്തമാണ്. ഓസീസ് താരത്തിനെതിരെ മോശം റെക്കോർഡാണ് ലിറ്റിൽ മാസ്റ്ററിനുള്ളത്. ടെസ്റ്റിൽ നാല് തവണ പുറത്തായപ്പോൾ 29 ൽ താഴെയാണ് ശരാശരി.