നോത്ത് ഈസ്റ്റ് മുറിവേറ്റ മൃഗം, ബ്ലാസ്‌റ്റേഴ്‌സ് കരുതി ഇറങ്ങണം; കൊച്ചിയില്‍ സൂപ്പര്‍ പോര്

കൊച്ചിയില്‍ നടക്കുന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്‍പതാം സീസണിലെ പതിനഞ്ചാം മത്സത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും. തുടര്‍ച്ചയായ എട്ടു മത്സരങ്ങള്‍ പരാജയമറിയാതെ മുന്നേറിയ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ രണ്ടു മത്സരങ്ങള്‍ തോല്‍വി വഴങ്ങിയിരുന്നു. അതിനാല്‍ തന്നെ വിജയവഴിയിലേക്ക് തിരിച്ചെത്തുക എന്ന പരിപൂര്‍ണ്ണ ലക്ഷ്യത്തോടെയാകും ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുക.

സീസണിലെ പതിമൂന്നാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയോട് ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കും പതിനാലാം മത്സരത്തില്‍ എഫ്സി ഗോവയോട് മൂന്ന് ഒന്നിനും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ലീഗ് ഘട്ടത്തില്‍ വെറും ആറു മത്സരങ്ങള്‍ മാത്രം ബാക്കിയുള്ള ബ്ലാസ്റ്റേഴ്‌സിന് വിജയ വഴിയിലേക്ക് മടങ്ങിയെത്തുന്നതിനൊപ്പം പ്ലേ-ഓഫ് സാദ്ധ്യതകള്‍ സജീവമായി നിലനിര്‍ത്താന്‍ മത്സരവിജയം അനിവാര്യമാണ്.

തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്ക് ശേഷം കേരളാ ബ്ലാസ്റ്റേഴ്സ് വിജയ വഴിയിലേക്കെത്തിയത് നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സര വിജയത്തോടെ ആയിരുന്നു. ഈ സീസണില്‍ ഇതുവരെ ഹോം ഗ്രൗണ്ടില്‍ നടന്ന ഏഴ് മത്സരങ്ങളില്‍ അഞ്ചിലും ബ്ലാസ്റ്റേഴ്സ് വിജയിച്ചുവെന്നത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.

മത്സരത്തില്‍ വിജയിക്കാനായാല്‍ ലീഗ് ഘട്ട റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താന്‍ ബ്ലാസ്റ്റേഴ്‌സിനാകും. പതിനാറു മത്സരങ്ങളില്‍ നിന്നായി ഇരുപത്തിയാറു പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ഗോവയെയാകും വിജയത്തിലൂടെ ബ്ലാസ്റ്റേഴ്‌സിന് മറികടക്കാനാകുക. നിലവില്‍ പതിനാലു മത്സരങ്ങളില്‍ നിന്നായി ഇരുപത്തിയഞ്ചു പോയിന്റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

Read more

മറുവശത്ത് സീസണിലിതുവരെ പതിനഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് ഒരു വിജയവും ഒരു സമനിലയും പതിമ്മൂന്നു തോല്‍വികളുമാണ് സമ്പാദ്യം. വെറും നാലു പോയിന്റുകള്‍ മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് നിലവില്‍ പതിനൊന്നാം സ്ഥാനത്താണ്. പ്ലേ ഓഫ് സാദ്ധ്യതകള്‍ പൂര്‍ണമായും അസ്തമിച്ച അവര്‍ ആശ്വാസവിജയം ലക്ഷ്യമാക്കിയിറങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് കരുതിയിരിക്കണം.