മോശം തീരുമാനത്തിന് പിന്നാലെ റഫറിയെ ഇടിച്ചുകൂട്ടി ടീം ഉടമ, നിലത്തുവീണിട്ടും ഉപദ്രവം നിർത്താതെ താരങ്ങളും; ടർക്കിഷ് ലീഗിൽ കണ്ടത് നാടകീയ രംഗങ്ങൾ; ലീഗ് നിർത്തുവെച്ചു, വീഡിയോ വൈറൽ

ഇങ്ങനെ ഒരു കാഴ്ച്ച ഫുട്‍ബോൾ ലോകത്ത് ഇതിന് മുമ്പ് കണ്ടിട്ടുണ്ടാകില്ല. തുർക്കിഷ് ലീഗിൽ നടന്ന അങ്കരഗുച്ചു റിസസ്പോർ മത്സരത്തിലാണ് മത്സരം നിയന്ത്രിച്ച റഫറിയെ ടീം ഉടമയും സ്റ്റാഫും ചേർന്ന് മർദിച്ചത്. രണ്ട് റെഡ് കാർഡുകൾ പുറത്തെടുത്ത ഏറെ ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ ഒരു ഗോളിന്റെ സമനിലയിലാണ് ഇരു ടീമുകളും മത്സരം അവസാനിപ്പിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ അങ്കരഗുച്ചു ഒരു ഗോളിന് മുന്നിൽ എത്തിയത് ആയിരുന്നു. എന്നാൽ രണ്ടാം പകുതിയിലെ അവസാന മിനിറ്റിൽ റിസസ്പോർ ഒരു ഗോൾ തിരിച്ചടിച്ചതോടെ മത്സരം സമനിലയിൽ അവസാനിക്കുക ആയിരുന്നു.

മത്സരം തുടങ്ങി 14 മിനിറ്റിൽ അങ്കരഗുച്ചു ആദ്യ ഗോൾ നേടി. ഒരു ഗോൾ നേടി ആദ്യ പകുതിക്ക് പിരിഞ്ഞ ടീമിന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ താരത്തെ റെഡ് കാർഡ് കണ്ട് നഷ്ടമാകുന്നു. പിന്നെ മത്സരം എങ്ങനെ എങ്കിലും സമനിലയിൽ ആക്കിയാൽ മതിയായിരുന്നു അങ്കരഗുച്ചു ടീമിന്. അവർ ആഗ്രഹിച്ച പോലെ തന്നെ കാര്യങ്ങൾ മുന്നോട്ട് പോകുമ്പോൾ റിസസ്പോർ താരത്തിനും രണ്ടാം പകുതിയുടെ അധിക സമയത്ത് റെഡ് കാർഡ് കിട്ടുന്നു. മത്സരത്തിന് ഫൈനൽ വിസിൽ ഏത് സമയത്തും വീഴാമെന്ന അവസ്ഥയിൽ കാര്യങ്ങൾ നിൽക്കെ റിസസ്പോർ ഒരു ഗോൾ മടക്കിയതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

ജയം ഉറപ്പിച്ച മത്സരം സമനിലയിൽ അവസാനിച്ചതോടെ അങ്കരഗുച്ചു ടീം ഉടമ റഫറിയെ മര്ദിക്കുക ആയിരുന്നു. റഫറിയുടെ മോശം തീരുമാനത്തെ ചോദ്യം ചെയ്തായിരുന്നു ഉപദ്രവം. അദ്ദേഹം പിന്മാറിയ ശേഷം താരങ്ങളും മറ്റ് ഒഫീഷ്യൽസും എത്തി അദ്ദേഹത്തെ ഉപദ്രവിച്ചു. നിലത്ത് വീണിട്ടും അദ്ദേഹത്തെ ഉപദ്രവിക്കുന്നത് തുടർന്നു.

മുഖത്ത് മുഴുവൻ ചോരയൊലിപ്പിച്ച് നീരുവച്ച റഫറിയെ വൈകാതെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ലീഗ് ഉടനടി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർത്തി വയ്ക്കാനും തീരുമാനിച്ചു.