ഭരണഘടനയാണ് എല്ലാത്തിനും മീതെ ഈ ജനാധിപത്യ രാജ്യത്തിന്റെ അവസാനവാക്ക് എന്നോര്‍മ്മിപ്പിച്ച് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടയില്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ വശംകെടുത്തിയ ഒരു പുഴുക്കുത്തലിനെ നിലയ്ക്ക് നിര്‍ത്തിയിരിക്കുകയാണ് സുപ്രീം കോടതി. ബിജെപി അധികാരത്തിലെത്തിയതിന് ശേഷം ഫെഡറലിസത്തെ ചോദ്യം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് രാജ്യത്തുണ്ടായത്. കേന്ദ്രസര്‍ക്കാര്‍- സംസ്ഥാന സര്‍ക്കാര്‍ ഏറ്റുമുട്ടലുകള്‍ പതിവാകുകയും കേന്ദ്രവിഹിതത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചിറ്റമ്മ നയം സ്വീകരിച്ച് അവരെ ഞെരുക്കുകയും ചെയ്തത് രാജ്യം കണ്ടതാണ്. അതുപോലൊരു മര്‍ക്കടമുഷ്ടി പ്രയോഗമാണ് ഗവര്‍ണര്‍മാരെ കൊണ്ട് സംസ്ഥാന സര്‍ക്കാരുകളേയും നിയമസഭകളേയും നോക്കുകുത്തിയാക്കാനുള്ള ശ്രമങ്ങള്‍. നിയമസഭ പാസാക്കി വിടുന്ന ബില്ലുകള്‍ക്ക് മേല്‍ അടയിരുന്നു പോര് കോഴികളെ പോലെ സര്‍ക്കാരിന് മേല്‍ കടന്നാക്രമണം നടത്തുന്ന സമ്മര്‍ദ്ദതന്ത്രം പയറ്റിയും മോദിസര്‍ക്കാര്‍ പ്രീണനത്തിനായി ഓടിനടന്ന ഗവര്‍ണര്‍മാര്‍ നിരവധിയാണ്.
കേരളത്തില്‍ ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് ആരിഫ് മുഹമ്മദ് ഖാന്‍ ടേമില്‍ എത്രത്തോളം നാടകീയമായിരുന്നുവെന്ന് മലയാളികള്‍ കണ്ടതാണ്. ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാരിനെ വികെ സക്‌സേന എന്ന ലെഫ്റ്റനന്റ് ഗവര്‍ണര്‍ നെട്ടോട്ടമോടിച്ചതും രാജ്യം കണ്ടതാണ്. കേന്ദ്രസര്‍ക്കാരുമായി ത്രിഭാഷ നയത്തില്‍ കൊമ്പുകോര്‍ക്കുന്ന തമിഴ്‌നാടിനെ ഗവര്‍ണറെ വെച്ചു മെരുക്കാനുള്ള ബിജെപി ശ്രമങ്ങള്‍ത്ത് കൂടിയുള്ള അടിയാണ് ഇന്ന് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് ആ തത്വങ്ങള്‍ക്ക് അനുസരിച്ച് ജനവിധി അംഗീകരിച്ചുകൊണ്ട് ഗവര്‍ണര്‍മാര്‍ ഭരണഘടനാപരമായ ചുമതലകള്‍ വഹിക്കണമെന്ന താക്കീതാണ് സുപ്രീം കോടതി നല്‍കിയത്.
ഗവര്‍ണര്‍ക്ക് വീറ്റോ പവര്‍ ഇല്ലെന്നും സംസ്ഥാന നിയമസഭ പാസാക്കിയ ഒരു നിയമത്തിന് മേല്‍ കാലാകാലം അടയിരിക്കാന്‍ പറ്റില്ലെന്നും പരമോന്നത കോടതി അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. ഗവര്‍ണര്‍ ഭരണഘടനയ്ക്ക് വിധേയനായി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് നല്‍കിയത്. ഭരണഘടന പദവി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നതിന്റെ അമര്‍ഷം തെളിഞ്ഞുനില്‍ക്കുന്ന ഉത്തരവ് രാജ്യം ഭരിക്കുന്നവര്‍ക്ക് കൂടിയുള്ള താക്കീതാണ്. സംസ്ഥാന നിയമസഭ അവതരിപ്പിച്ച 10 ബില്ലുകള്‍ സംബന്ധിച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ തീരുമാനങ്ങള്‍ നിയമവിരുദ്ധമാണെന്ന് കോടതി സങ്കോചമേതുമില്ലാതെ പ്രഖ്യാപിച്ചു.
ഭരണഘടന ഗവര്‍ണക്ക് വീറ്റോ അധികാരം നല്‍കിയിട്ടില്ലെന്നും നിയമങ്ങള്‍ ജനങ്ങളുടെ ആവശ്യത്തിനായാണ് കൊണ്ടുവരുന്നതാണെന്നും ബില്ലുകളില്‍ 3 മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും ജസ്റ്റിസുമാര്‍ തീര്‍പ്പുകല്‍പ്പിച്ചു. ബില്‍ തീരുമാനം നീട്ടാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി. ഭരണഘടന അനുസരിച്ച് 3 വ്യവസ്ഥകളാണ് തനിക്ക് മുന്നിലേക്ക് എത്തുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ക്കുള്ളത്. ബില്ലിന് അനുമതി നല്‍കുക, അനുമതി നിഷേധിക്കുക, പ്രസിഡന്റിന്റെ അനുമതിക്കായി വിടുക എന്നിവയാണ് ആ വ്യവസ്ഥകള്‍. ബില്ലില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും അതിനുശേഷം പ്രസിഡന്റിന് അയക്കുകയും ചെയ്ത നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കോടതി പറഞ്ഞു.
കീഴ്‌വഴക്കമില്ലാത്ത ഒരു നീക്കത്തിലൂടെ സുപ്രീം കോടതി, നിയമസഭ പുനഃപരിശോധനയ്ക്ക് ശേഷം 10 ബില്ലുകള്‍ വീണ്ടും ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച തീയതി മുതല്‍ അംഗീകരിച്ചതായി കണക്കാക്കണമെന്ന് കൂടി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന നിയമസഭ പുനഃപരിശോധനയ്ക്ക് ശേഷം ഒരു ബില്‍ മുന്നിലേക്ക് വിട്ടാല്‍ ഗവര്‍ണര്‍ അതിന് അംഗീകാരം നല്‍കണമെന്ന് കോടതി തീര്‍പ്പുകല്‍പ്പിച്ചു. പുനഃപരിശോധനയ്ക്ക് ശേഷം ബില്‍ വ്യത്യസ്തമാകുമ്പോള്‍ മാത്രമേ അദ്ദേഹത്തിന് അംഗീകാരം നിരസിക്കാന്‍ കഴിയൂ എന്നത് കൂടി കോടതി ഓര്‍മ്മിപ്പിച്ചു..
’10 ബില്ലുകള്‍ രാഷ്ട്രപതിക്ക് എത്തിക്കാതെ വൈകിപ്പിച്ചു മാറ്റിവച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണ്, അതിനാല്‍ നടപടി റദ്ദാക്കുന്നു. 10 ബില്ലുകളുടെ കാര്യത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച എല്ലാ നടപടികളും റദ്ദാക്കുന്നു.
ഇത്രയും പറഞ്ഞതിന് ശേഷം ബില്ല് വൈകിപ്പിച്ച ഗവര്‍ണറുടെ നടപടിയെ കുറിച്ച് സുപ്രീം കോടതി ബെഞ്ച് പറഞ്ഞത് ഇങ്ങനെയാണ്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍ക്ക് ചുമതലകള്‍ നിര്‍വഹിക്കുന്നതിന് വ്യക്തമായി നിര്‍ദ്ദിഷ്ട സമയപരിധിയില്ല. നിര്‍ദ്ദിഷ്ട സമയപരിധികളൊന്നുമില്ലെങ്കില്‍ കൂടിയും ആര്‍ട്ടിക്കിള്‍ 200 ഗവര്‍ണര്‍ക്ക് ഇതില്‍ നടപടിയെടുക്കാതിരിക്കാന്‍ അനുവദിക്കുന്ന രീതിയില്‍ വായിക്കാന്‍ കഴിയില്ല. ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്ന ബില്ലില്‍ കാലതാമസം വരുത്തുകയും സംസ്ഥാനത്തെ നിയമനിര്‍മ്മാണ സംവിധാനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നത് ശരിയായ നടപടിയല്ല. ഗവര്‍ണര്‍ക്ക് മുമ്പില്‍ ഒരു ബില്‍ അവതരിപ്പിക്കുമ്പോഴെല്ലാം ഭരണഘടന ഉറപ്പുനല്‍കുന്ന മൂന്ന് നടപടികളില്‍ ഒന്ന് സ്വീകരിക്കാന്‍ അദ്ദേഹം ഭരണഘടനാപരമായി ബാധ്യസ്ഥനാണ്.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും തിരിച്ചയക്കുന്ന ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കി അയച്ചാല്‍ ഗവര്‍ണര്‍മാര്‍ ഒരു മാസത്തിനുള്ളില്‍ അംഗീകാരം നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഇതിന് കാലതാമസം ഇനി ഉണ്ടായാല്‍ കോടതി ഇടപെടുമെന്നും ശക്തമായ ഭാഷയില്‍ സുപ്രീം കോടതി താക്കീത് നല്‍കിയിട്ടുണ്ട്. തമിഴ്നാട് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകരായ കോണ്‍ഗ്രസ് രാജ്യസഭ എംപി അഭിഷേക് മനു സിംഗ്വിയും മുകുള്‍ റോഹ്തഗി, രാകേഷ് ദ്വിവേദി, പി വില്‍സണ്‍ എന്നിവരാണ് ഹാജരായത്. ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയാണ് തമിഴ്നാട് ഗവര്‍ണറെ പ്രതിനിധീകരിച്ചു കോടതിയിലെത്തിയത്.
ഗവര്‍ണര്‍ ഒരു രാഷ്ട്രീയ നടന്‍ എന്ന നിലയിലല്ല, മറിച്ച് ഒരു ‘സുഹൃത്ത്, തത്ത്വചിന്തകന്‍, വഴികാട്ടി’ എന്ന നിലയിലാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് കൂടി സുപ്രീം കോടതി എടുത്തുപറഞ്ഞിട്ടുണ്ട്. ഭരണത്തില്‍ ഗവര്‍ണറുടെ പങ്ക് ‘രാഷ്ട്രീയ ആവശ്യങ്ങള്‍ പരിഗണിച്ചല്ല, മറിച്ച് അദ്ദേഹം ഏറ്റെടുത്ത ഭരണഘടനാ സത്യപ്രതിജ്ഞയുടെ പവിത്രത അനുസരിച്ചായിരിക്കണം’ എന്ന് കൂടി കോടതി പറയുന്നുണ്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ നിമിഷങ്ങളില്‍, ഗവര്‍ണര്‍ ‘സമവായത്തിന്റെയും പ്രശ്‌ന പരിഹാരത്തിന്റെയും വക്താവായി പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന ഭരണത്തെ തടസ്സപ്പെടുത്തുന്നതിനുപകരം അതിനെ പിന്തുണയ്ക്കുന്നതിന് ജ്ഞാനവും വിവേചനാധികാരവും ഉപയോഗിക്കണമെന്നും സുപ്രീം കോടതി പറഞ്ഞുവെച്ചിട്ടുണ്ട്.
ഇത്രയുമെല്ലാം പറയുമ്പോള്‍ മലയാളികള്‍ക്ക് ഓര്‍മ്മ വരുക മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയാവും. എന്തായാലും മിഠായി തെരുവില്‍ ഹല്‍വ തിന്ന് കേരളം ഒന്നടങ്കം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പ്രതിഷേധം ഏറ്റുവാങ്ങി റോഡില്‍ ഇറങ്ങിയിരുന്ന് വല്ലാത്ത നാടകങ്ങളെല്ലാം കളിച്ച മുന്‍ ഗവര്‍ണറെ കേരള സര്‍ക്കാര്‍ മറന്നിട്ടില്ല. കേരളത്തിലിരുന്നപ്പോള്‍ ബില്ലുകള്‍ തടഞ്ഞുവെച്ച ഖാന്റെ നടപടിക്കെതിരായ ഹര്‍ജി തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിധി പറഞ്ഞ അതേ ബെഞ്ചിലേക്ക് മാറ്റണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. 23 മാസമായി 7 കേരള നിയമസഭയുടെ 7 ബില്ലാണ് ആരിഫ് മുഹമ്മദ് ഖാന്‍ തടഞ്ഞുവെച്ചത്. കേരളം ആവശ്യപ്പെട്ട ബെഞ്ചിന് ഹര്‍ജി വിടുന്നതില്‍ ഇപ്പോള്‍ തീരുമാനമെടുക്കുന്നില്ലെന്നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞിരിക്കുന്നത്. എന്തായാലും കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി അഞ്ചാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. തമിഴ്‌നാടിന് അനുകൂലമായ വിധി ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് കേരളത്തിലെ എല്‍ഡിഎഫ് യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു. തമിഴ്‌നാട് പോരാടും, ജയിക്കും എന്ന് പറഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഇത് തമിഴ്‌നാടിന്റെ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളുടേയും വിജയമാണെന്നും പ്രതികരിച്ചു.
ചരിത്രപരമായ വിധിപ്രഖ്യാപിച്ച ജസ്റ്റിസ് ജെബി പര്‍ദിവാലയും ജസ്റ്റിസ് ആര്‍ മഹാദേവനും നടത്തിയ ശക്തമായ പരാമര്‍ശങ്ങള്‍ കേന്ദ്രസര്‍ക്കാരിനും ഭരണകക്ഷിയ്ക്കും നിര്‍ണായകമാണ്. വിധിന്യായം എഴുതിയ ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ഡോ. ബി.ആര്‍. അംബേദ്കറുടെ മൂര്‍ച്ചയേറിയ ഒരു ഉദ്ധരണിയോടെയാണ് ഉത്തരവ് ഉപസംഹരിച്ചത്. അത് ഇങ്ങനെയാണ്.
‘ഒരു ഭരണഘടന എത്ര നല്ലതാണെങ്കിലും, അത് നടപ്പിലാക്കുന്നവര്‍ നല്ലവരല്ലെങ്കില്‍ അത് മോശമാണെന്നായിരിക്കും ആളുകള്‍ക്ക് മുന്നില്‍ തെളിയുക.’
Read more