ഇന്ത്യ- കാനഡ വിഷയത്തില്‍ ഇന്ത്യക്കുള്ളില്‍ അപൂര്‍വ്വമായ അഭിപ്രായ ഐക്യം ഉണ്ടായതായി വിദേശ മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ദേശീയതാ വാദത്തില്‍ ഇന്ത്യയിലെ ധ്രൂവീകരിക്കപ്പെട്ട രാഷ്ട്രീയവും മാധ്യമങ്ങളും കാനഡ- ഖാലിസ്ഥാന്‍ വിഷയത്തില്‍ ഒരു അഭിപ്രായ ഐക്യത്തിന്റെ അപൂര്‍വ്വമായി മാത്രം ഇന്ത്യയില്‍ കാണാന്‍ കഴിയുന്ന പൊതുബോധം ഉണ്ടാക്കിയെടുത്തുവെന്നാണ് ‘ദ ഗാര്‍ഡിയന്‍’ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയിലെ വാര്‍ത്താ അവതാരകരും രാഷ്ട്രീയ നിരൂപകരും പ്രതിപക്ഷവും പോലും കാനഡയുടെ ആരോപണങ്ങളെ തള്ളുകയും നിജ്ജാറിന്റെ കൊലയില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണത്തെ രൂക്ഷമായി അപലപിക്കുകയുമാണ് ചെയ്തതെന്നാണ് ഗാര്‍ഡിയന്റെ ദക്ഷിണ ഏഷ്യ കറസ്‌പോണ്ടന്റ് ഹന്ന എല്ലിസ്- പീറ്റേഴ്‌സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാനഡയുടെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇന്ത്യയിലുടനീളം ഒന്നും അംഗീകരിക്കാത്ത ഒരു മര്‍ക്കടമുഷ്ടിയുടെ മനോഭാവം ഉടലെടുത്തുവെന്നാണ് ഗാര്‍ഡിയന്റെ അടക്കം കുറ്റപ്പെടുത്തല്‍.
വാന്‍കൂവറിന്റെ പ്രാന്തപ്രദേശത്ത് കനേഡിയന്‍ പൗരനായ ഒരു സിഖ് പ്രവര്‍ത്തകന്റെ കൊല നടന്നുവെന്നും ആ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധമുള്ള ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് ‘വിശ്വസനീയമായ ആരോപണം’ ഉയരുന്നുണ്ടെന്ന് കനേഡിയന്‍ പാര്‍ലമെന്റില്‍ ജസ്റ്റിന്‍ ട്രൂഡോ എഴുന്നേറ്റുനിന്ന് പറഞ്ഞപ്പോള്‍ അത് ഞെട്ടലോടെയാണ് ലോകമെമ്പാടും പ്രതിധ്വനിച്ചതെന്നും വിദേശ മാധ്യമങ്ങള്‍ പറയുന്നു. യുഎസ് മുതല്‍ യുകെ വരെയുള്ള രാജ്യങ്ങള്‍ ആരോപണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു, അന്വേഷണവുമായി സഹകരിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടുക പോലും ചെയ്തു. എന്നാല്‍ ഇന്ത്യ ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങളെ ശുദ്ധ അസംബദ്ധം എന്നാണ് വിശേഷിപ്പിച്ച് തള്ളികളഞ്ഞത്. രാഷ്ട്രീയ പ്രേരിതമാണ് ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണമെന്നും കാനഡ ‘ഭീകരര്‍ക്ക് സുരക്ഷിത സങ്കേതമായ’ ഒരു തെമ്മാടി രാഷ്ട്രമാണെന്ന് പറഞ്ഞു വിഷയം കാനഡയ്ക്ക് എതിരായി തിരിച്ചു.
ഇതിന് പിന്നാലെ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും ഇടയിലുണ്ടായ മനോഭാവം ഒരു പിടിവാശി പോലെയാണെന്നാണ് ഗാര്‍ഡിയന്‍ അടക്കം ആരോപിക്കുന്നത്. ധാര്‍ഷ്ട്യം നിറഞ്ഞ സമീപനമാണ് ഇന്ത്യയില്‍ നിന്ന് ഉണ്ടായതത്രേ. ഒരു രാഷ്ട്രത്തിന്റെ അധികാര പരിധിയില്‍ കടന്ന് അവരുടെ പൗരനെ കൊലപ്പെടുത്തിയെന്ന ഗുരുതര ആരോപണം ഉയര്‍ന്നിട്ടും ഇന്ത്യയ്ക്കുള്ളില്‍ വിമര്‍ശന സ്വഭാവമുള്ള പ്രതികരണങ്ങള്‍ ഉണ്ടായില്ലെന്നാണ് ലോകമാധ്യമങ്ങളുടെ വിമര്‍ശനം.
രാഷ്ട്രീയ നേട്ടത്തിനും സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കുന്നതിനുമാണ് ട്രൂഡോ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന അസാധാരണമായ ഏകീകൃത വിവരണം ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഉടനീളം വന്നുവെന്നും വാര്‍ത്താ അവതാരകരും രാഷ്ട്രീയ നിരൂപകരും മുന്‍ അംബാസഡര്‍മാരും ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയുടെയും അതുപോലെതന്നെ പ്രതിപക്ഷത്തിന്റെയും രാഷ്ട്രീയക്കാരൊന്നടങ്കം ഈ വാദം തുടരെ ഉപയോഗിച്ചുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിഘടനവാദികളായ ഖാലിസ്ഥാനി പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഡസന്‍ കണക്കിന് അപകടകാരികളായ അക്രമികള്‍ക്ക് കാനഡ അഭയം നല്‍കുന്നുവെന്ന തരത്തിലുള്ള ഏകീകൃത വിവരണവും ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇന്ത്യന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നുവെന്നാണ് ആക്ഷേപം.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ മനപൂര്‍വ്വം ലക്ഷ്യമിട്ടാണ് ബിജെപിയുടെ നേതാക്കള്‍ പല രീതിയിലുള്ള ആക്ഷേപങ്ങള്‍ ഉന്നയിച്ചതെന്നും പല പ്രതികരണങ്ങളും ചൂണ്ടിക്കാണിച്ചു കൊണ്ട് അനതാരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്റെ ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി മാത്രമാണ് ഈ അസംബന്ധവും ദുരുദ്ദേശ്യപരവുമായ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് നേരത്തെ പഞ്ചാബ് ബിജെപി പ്രസിഡന്റ് സുനില്‍ ജാഖര്‍ പറഞ്ഞിരുന്നു. ജസ്റ്റിന്‍ ട്രൂഡോ കുറച്ചുകാലമായി പ്രശ്നത്തിലാണ്, ആഭ്യന്തര ശ്രദ്ധ മറ്റ് വിഷയങ്ങളിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്ന് നയതന്ത്രജ്ഞന്‍ രാജീവ് ദോഗ്രയും പറഞ്ഞിരുന്നു. ജി 20 ഉച്ചകോടിക്ക് ശേഷം ട്രൂഡോയുടെ വിമാനം രണ്ട് ദിവസം ഇന്ത്യയില്‍ നിര്‍ത്തിയതിന് കാരണം സാങ്കേതിക പ്രശ്നങ്ങളല്ല, മറിച്ച് കൊക്കെയ്ന്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനാലാണെന്ന് സുഡാനിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപക് വോറ ഒരു പ്രമുഖ ഇന്ത്യന്‍ ന്യൂസ് നെറ്റ് വര്‍ക്കിനോട് പറഞ്ഞതടക്കം കാര്യങ്ങള്‍ ലോകമാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കനേഡിയന്‍ പ്രധാനമന്ത്രിക്കെതിരെയുള്ള ആക്രമണങ്ങളും തികച്ചും വ്യക്തിപരമാണെന്ന് കണ്ടാണ് ആഗോള മാധ്യമങ്ങളില്‍ പലതും ഇന്ത്യയുടെ ദേശീയതാ വാദത്തേയും തങ്ങളുടെ പിടിവാദം സ്ഥാപിച്ചെടുക്കാനുള്ള ത്വരയേയും ചൂണ്ടിക്കാണിക്കുന്നത്.ദേശീയതാവാദത്തിലൂന്നിയ വിഷയമാക്കി നിജ്ജാര്‍ കൊലയെ മാറ്റിയതിലൂടെ അസാധാരണമായ രീതിയില്‍ ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ പോലും ഗവണ്‍മെന്റിനെ പ്രതിരോധിക്കാനിറങ്ങിയെന്നാണ് അന്താരാഷ്ട്രതലത്തില്‍ ഉയരുന്ന ആക്ഷേപം. ഇന്ത്യയിലെ ധുവീകരണ രാഷ്ട്രീയത്തില്‍ അപൂര്‍വമായ ഒരു സമവായമാണ് ഭരണ- പ്രതിപക്ഷങ്ങള്‍ക്ക് ഇടയിലും മാധ്യമങ്ങളിലും ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.
കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് വിഷയത്തില്‍ പറഞ്ഞത്, ഭീകരതയ്ക്കെതിരായ നമ്മുടെ രാജ്യത്തിന്റെ പോരാട്ടം വിട്ടുവീഴ്ചയില്ലാത്തതായിരിക്കണം, പ്രത്യേകിച്ചും തീവ്രവാദം ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുമ്പോള്‍ എന്നാണ്. ഇത്തരത്തില്‍ പ്രതിപക്ഷവും സര്‍ക്കാരിനോട് സമവായത്തിലെത്തുന്ന കാഴ്ചയും മാധ്യമങ്ങളുടെ ഏകീകൃത വിവരണങ്ങളും പാശ്ചാത്യ വിരുദ്ധ വികാരം ആളിക്കത്തിക്കാനാണെന്ന് ദ ഗാര്‍ഡിയന്‍ അടക്കം മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ട്രൂഡോയെയും കാനഡയെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഉടനീളം പ്രകടമാണെന്ന് പറഞ്ഞു മോദിയോടും ബിജെപി സര്‍ക്കാരിനോടും ബന്ധമുള്ള ബിസിനസുകാരന്‍ അദാനിയുടെ ചാനലായ എന്‍ഡിടിവിയും വലതുപക്ഷ ചാനലായ റിപ്പബ്ലിക് ടിവിയും സംപ്രേഷണം ചെയ്ത പരിപാടികളെ വരെ ഗാര്‍ഡിയന്‍ വിമര്‍ശനത്തോടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ട്രൂഡോ ബാക്‌സ് ടെറര്‍ എന്ന റിപ്പബ്ലിക് ടിവിയുടെ ഷോയും കാനഡ ഇന്ത്യാ വിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നു എന്ന് ആരോപിച്ചു കാനഡയെ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ആസക്തിയുടെ കേന്ദ്രമായും മറ്റും ബ്രാന്‍ഡ് ചെയ്യുന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രകടനങ്ങളും ലോകമാധ്യമങ്ങള്‍ വിമര്‍ശാനാത്മകമായി ചോദ്യം ചെയ്യുന്നുണ്ട്.
പാശ്ചാത്യ വിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ പ്രതിപക്ഷവും ഒപ്പം ചേരുന്നതിന് കാരണം 2024ലെ പൊതുതിരഞ്ഞെടുപ്പാണെന്നാണ് വിദേശ മാധ്യമങ്ങളുടെ വിലയിരുത്തല്‍. ഒരു പരിധി വരെ ആ വലയിരുത്തല്‍ ശരിയാണെന്ന് കരുതേണ്ടിവരും. കാരണം ദേശീയതാ വാദത്തിലൂന്നി ഖാലിസ്ഥാന്‍ വിഷയം ആളിക്കത്തിച്ച് അടുത്ത തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ഒരുക്കങ്ങളാണ് ഇന്ത്യന്‍ സര്‍ക്കാരും പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയും ചെയ്യുന്നത്. ആ സാഹചര്യത്തില്‍ ഈ പൊതുവികാരത്തില്‍ നിന്ന് മാറി നിന്നാല്‍ അത് ദോഷം ചെയ്യുമെന്ന് കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷത്തിന് അറിയുകയും ചെയ്യാം. അതിനാല്‍ ഭരണപക്ഷത്തിന്റെ അതേ ദേശിയതാ വാദ നയം പ്രതിപക്ഷവും ഏറ്റെടുക്കുകയാണ്, ഒപ്പം പാശ്ചാത്യ വിരുദ്ധ സമീപനവും.
ഇന്ത്യയുടെ വിശ്വപൗരന്‍ എന്ന് വിളിക്കപ്പെടുന്ന ശശി തരൂരിന്റെ പ്രതികരണവും ഇക്കാര്യത്തില്‍ ശ്രദ്ധിക്കാം.
‘അവര്‍ മറ്റ് രാജ്യങ്ങളെ വിധിക്കാന്‍ വളരെ പെട്ടെന്ന് ഇറങ്ങും, പക്ഷേ സ്വന്തം രാജ്യങ്ങളുടെ കാര്യം വരുമ്പോള്‍ അന്ധരാണ്. ഹലോ, കഴിഞ്ഞ 25 വര്‍ഷമായി അന്യരാജ്യങ്ങളിലെ കൊലപാതകങ്ങളില്‍ ഏറ്റവുമധികം ഇടപെടല്‍ നടത്തിയവര്‍ ഇസ്രായേലും യുഎസുമാണ്. പടിഞ്ഞാറ് ഭാഗത്ത് ഏതെങ്കിലും കണ്ണാടി കിട്ടുമോ?
തരൂരിന്റെ ഈ പ്രതികരണം കൃത്യമാണ്, ഇസ്രേലിയന്‍ ചാരസംഘടനയായ മൊസാദും അമേരിക്കയുടെ സിഐഎയും പോലെ മറ്റ് രാജ്യങ്ങളുടെ പരമാധികാര മേഖലയില്‍ കടന്നുകയറി ആക്രമണവും കൊലപാതകവും നടത്തിയ രണ്ട് രാജ്യങ്ങള്‍ വേറെയുണ്ടാവില്ല. വിദേശ മാധ്യമങ്ങളില്‍ ചിലരെങ്കിലും ഇതില്‍ കണ്ണടയ്ക്കാറുണ്ടെങ്കിലും ഈ കൊലകളെ ചോദ്യം ചെയ്ത് ഇസ്രായേലിനും യുഎസിനുമെതിരെ ചോദ്യം ചോദിച്ച മാധ്യമങ്ങളും വാര്‍ത്തകളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയ ന്യൂസ് റൂമുകളും പാശ്ചാത്യ രാജ്യങ്ങളില്‍ ഉണ്ടായിരുന്നു.
Read more
അപ്പോഴും ഇന്ത്യയിലെന്ത് കൊണ്ട് ഒരു വിമര്‍ശന സ്വരം ഉയരുന്നില്ലെന്ന ചോദ്യം ബാക്കിയാണ്. 2024-ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍, ഇന്ത്യയില്‍ സ്വതന്ത്ര സിഖ് രാഷ്ട്രത്തിനായി പോരാടുന്ന നിരോധിത വിഘടനവാദ പ്രസ്ഥാനമായ ഖാലിസ്ഥാന്‍ വിഷയം മുതലെടുക്കാന്‍ നരേന്ദ്ര മോദിയും ബിജെപിയും ശ്രമിക്കുകയാണെന്നും ദേശീയതാ വാദം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് പാര്‍ട്ടി കരുതുന്നുവെന്നതും പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണ്. മോദി തന്നെ ശക്തനായ നേതാവായി ഉയര്‍ത്തിക്കാട്ടാന്‍ ദേശീയ സുരക്ഷാ പ്രശ്നങ്ങളും പാകിസ്ഥാനെതിരെയുള്ള പ്രതികാര നടപടികളും വിജയകരമായി ഉപയോഗിച്ചുവെന്നത് രാജ്യം കണ്ടതാണ്. ഇതേ സാഹചര്യം ഖാലിസ്ഥാന്‍ വിഷയത്തിലും മോദിയും കൂട്ടരും സൃഷ്ടിക്കുമ്പോള്‍ പ്രതിപക്ഷത്തിന് പ്രതിരോധിക്കാന്‍ കഴിയില്ല. ഈ സാഹചര്യമാണ് ഖാലിസ്ഥാനികള്‍ക്കെതിരായ വാചാടോപങ്ങള്‍ കൊണ്ട് പ്രധാനമന്ത്രി മുതലെടുക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ആഭ്യന്തര രാഷ്ട്രീയ നേട്ടത്തിനായി വിഷയം ഉപയോഗിക്കുകയാണെന്നുമുള്ള പാശ്ചാത്യവാദം എന്തായാലും നിലനില്‍ക്കുന്നുണ്ട്.