ഓരോ മനുഷ്യനെയും ചേര്‍ത്തുള്ളതാകണം വികസനം. സാമ്പത്തികസമത്വം സര്‍ക്കാരിന്റെ ലക്ഷ്യം. ഇന്ന് കേരളാ മുഖ്യമന്ത്രി സ്വാതന്ത്ര്യദിനസന്ദേശത്തില്‍ പറഞ്ഞതാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ ? പറഞ്ഞതെന്താണെന്നും സംഭവിക്കുന്നതെന്താണെന്നും അദ്ദേഹത്തിനറിയുമോ ? ആര്‍ക്കുമറിയില്ല.
സമത്വം എന്നത് അദ്ദേഹത്തെ വളര്‍ത്തിയ പ്രസ്ഥാനം മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അദ്ദേഹവും ചേര്‍ന്നു വളര്‍ത്തിയ ഒരു പ്രസ്ഥാനം മുന്നോട്ടുവെച്ച ഏറ്റവും മുഖ്യമായ ആശയമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറക്കുക എന്ന ലക്ഷോപലക്ഷം മനുഷ്യരെ ആകര്‍ഷിച്ച മുദ്രാവാക്യം.
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ..കോവിഡ് ബാധിച്ച് ലോകത്തുള്ള എല്ലാ രാജ്യങ്ങളെയും പോലെ കേരളവും ദുരിതത്തിലായിട്ട് ഒന്നരക്കൊല്ലമായി. കൈത്തൊഴില്‍ക്കാര്‍, ദിവസക്കൂലിക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ഡ്രൈവര്‍മാര്‍, ഓട്ടോ തൊഴിലാളികള്‍, സാങ്കേതികവിദഗ്ദ്ധര്‍ തലച്ചുമടായും ഉന്തുവണ്ടിയിലും തെരുവിലൂടെ പച്ചക്കറിയും മത്സ്യവും വിറ്റുനടക്കുന്നവര്‍. ഇവരെല്ലാം ഉള്‍പ്പെടുന്ന 97 ശതമാനം ജനങ്ങളും ദിവസം ഒരു നൂറുരൂപ സമ്പാദിക്കാന്‍ കഴിയാതെ ദുരിതമനുഭവിക്കുമ്പോള്‍ നികുതി വരുമാനത്തിന്റെ 75 % വും വെറും 3 % വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേരത്തേ കൈയടക്കിയിട്ടുള്ളതായതിനാല്‍ കൊടുക്കാതിരിക്കാന്‍ അങ്ങേക്കു കഴിയില്ല. പക്ഷെ കഴിഞ്ഞകൊല്ലവും ഇക്കൊല്ലവും പലരും അരുതെന്നു പറഞ്ഞിട്ടും ഈ ദുരിതകാലത്തെങ്കിലും ശമ്പളവര്‍ദ്ധന ഒഴിവാക്കാന്‍ ആശ്രിതവത്സലനായ അങ്ങ് തയ്യാറായില്ല. കൂടാതെ ബോണസ്സുമുണ്ട്. ബോണസ്സ് തീര്‍ച്ചയായും കൊടുക്കണം. കാരണം ബോണസ്സ് എന്നുപറഞ്ഞാല്‍ ലാഭവിഹിതമാണ്. ധാരാളം ലാഭം നമ്മള്‍ ഇതിനിടെ നേടിക്കഴിഞ്ഞതിനാല്‍ കൊടുക്കാതിരിക്കരുത്. ഉത്സവബത്തയും കൊടുക്കണം. കാരണം ഒന്നരക്കൊല്ലമായി മൂന്നരക്കോടി ജനം ഉത്സവത്തിമിര്‍പ്പില്‍ ആറാടുകയാണ്. ആത്മഹത്യയാണ് ഞങ്ങളുടെ പുതിയ ദേശീയവിനോദം.
മദ്യത്തിനും ലോട്ടറിക്കും പുറമെ സംസ്ഥാനം മറ്റൊരു വരുമാനമാര്‍ഗ്ഗം കൂടി അങ്ങു കണ്ടെത്തിയതില്‍ വളരെ സന്തോഷമുണ്ട്. ഒരുനേരത്തെ മരുന്നുവാങ്ങാന്‍, വീടിന്റെയോ കടയുടെയോ വാടക കൊടുക്കാന്‍ എന്തെങ്കിലും തൊഴിലിറങ്ങുന്നവരെ എന്തെങ്കിലും കാരണം പറഞ്ഞ് പിഴ ഈടാക്കുക. 125കോടി ഇതുവരെ പിരിച്ചുകിട്ടി. ആ സ്ഥിതിക്ക് ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സ് കൂടി കൊടുക്കാന്‍ അങ്ങ് തയ്യാറാകണം. പിഴയടപ്പിക്കല്‍ ഒന്നുകൂടി കാര്യക്ഷമമാക്കിയാല്‍ മതി. കെഎം മാണി ബജറ്റ് അവതരിപ്പിച്ചദിവസം ഇന്നത്തെ വിദ്യാഭ്യാസമന്ത്രിയും മറ്റു പ്രമുഖരും ചേര്‍ന്ന് തല്ലിത്തകര്‍ത്ത രണ്ടുലക്ഷം രൂപ വിലവരുന്ന പൊതുമുതല്‍. ആ കേസു വാദിക്കാന്‍ പതിനഞ്ചുലക്ഷം ഞങ്ങള്‍ ഇപ്പോള്‍ത്തന്നെ തന്നുകഴിഞ്ഞു. പോരാത്ത തുകയും പിഴയപ്പിക്കല്‍ വഴി സമ്പാദിക്കാം. ഞങ്ങളഉടെ വിദ്യാഭ്യാസമന്ത്രിയെ നിയമത്തിന് അങ്ങനെവിട്ടുകൊടുക്കണ്ട.
ഒരിടത്ത് ദുരിതം മൂലം ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു മറ്റൊരിടത്ത് നിങ്ങള്‍ ഒരു പുതിയ പ്രഭുവര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നു. ഫ്യൂഡലിസത്തില്‍നിന്നും തൊഴിലാളിവര്‍ഗ്ഗത്തെ മോചിപ്പിക്കാന്‍ പിറന്ന പ്രസ്ഥാനത്തിന് ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേര് ചേരുമോ എന്ന് സാധുക്കളുടെ കുടുംബങ്ങളില്‍ പോയി ചോദിക്കണം സര്‍. ഖലീഫാ ഉമറിനെപ്പോലെ വേഷം മാറിയൊന്നും പോകണ്ട. ഒരു നിമിഷം സ്വന്തം ബാല്യത്തെക്കുറിച്ച് ഓരോ സഖാക്കളും ചിന്തിച്ചാല്‍മാത്രം മതിയാകും.
പ്രസംഗമദ്ധ്യേ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും അവര്‍ക്കിടയിലുള്ള അന്തരം ഇല്ലാതാക്കുന്നതിനും നമുക്ക് ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട് എന്നും കൂടി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശരിയാണ് സര്‍ ഇനിയും ഞങ്ങള്‍ക്ക് ഏറെ മുന്നോട്ടുപോകാനുണ്ട്. അങ്ങേക്കോ അങ്ങയുടെ പാര്‍ട്ടിക്കോ മുന്നോട്ടിനിയും പോകാനില്ല. നേടാവുന്നതെല്ലാം നേടുകയും ഇഷ്ടജനങ്ങള്‍ക്ക് വേണ്ടതെല്ലാം കൊടുക്കുന്ന ആശ്രിതവത്സലഭാവം. എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുമ്പോഴുണ്ടാകുന്ന സായൂജ്യം. എല്ലാം ഒരു സര്‍വ്വാധികാരിക്ക് ഭൂഷണമാണ്.
രാജാക്കന്‍മാരുടെ വീരകഥകളും പരാക്രമങ്ങളും പൂമ്പാറ്റ അമര്‍ചിത്രകഥയും അമ്പിള അമ്മാവനുമെല്ലാം പറഞ്ഞുതന്നപ്പോള്‍ അതിനിടയില്‍ പുഴുക്കളെപ്പോലെ ജീവിക്കേണ്ടിവന്ന മനുഷ്യരുംകൂടി ഉണ്ടായിരുന്നു എന്നുംകൂടി പഠിപ്പിച്ചുതന്ന പ്രസ്ഥാനമാണ് ഞങ്ങള്‍ അംഗങ്ങളായിരുന്ന ബാലസംഘം. പ്രിയതമയുടെ ഓര്‍മ്മക്കായി ഷാജഹാന്‍ പണിത താജ്മഹലിനെ നോക്കി ലോകം അത്ഭുതം അത്ഭുതം എന്നാര്‍ത്തപ്പോള്‍ ഇരുപതുകൊല്ലക്കാലം കിനിഞ്ഞൊഴുകിയ ആയിരക്കണക്കിനു തൊഴിലാളികളുടെ വിയര്‍പ്പായിരുന്നു അതെന്നു പറഞ്ഞുതന്ന പ്രസ്ഥാനമാണ് ഇടതുപക്ഷ ചിന്താധാര. അതിന്റെയെല്ലാം അമരത്തിരിക്കുന്ന അങ്ങാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. സാധാരണ ജനങ്ങളുടെ അവസ്ഥ എന്താണെന്ന് തീരെ അറിയില്ലെങ്കില്‍ അങ്ങൊരു കമ്യൂണിസ്റ്റാകുന്നതെങ്ങനെയാണ്. അവരുടെ അവസ്ഥ അറിയാമെങ്കിലോ ? ഇനി അങ്ങയെയും മുകളിലിരുന്നു ഭരിക്കുന്നതാരാണ്.
Read more
ഭരണാധികാരി അനീതി ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ആനുകൂല്യം വാങ്ങിക്കൊണ്ട് അല്ലെങ്കില്‍ അതിരുകടന്ന ആരാധനകൊണ്ട് പുലഭ്യം പറയാനും കൈകാര്യം ചെയ്യാനും അടിമകള്‍ ധാരാളമുണ്ടെന്നറിയാം. എങ്കിലും പറയാതെവയ്യ, എന്‍ജിഒ യൂണിയന്‍ എന്ന പ്രഭുസഭ എഴുതിനല്‍കുന്നതാണ് ഭരണനയമെങ്കില്‍ ഇനിയുമൊരൂഴം എന്ന അബദ്ധം ചെയ്യുന്നതിനുമുമ്പ് കേരളജനതക്ക് പലവട്ടം ആലോചിക്കേണ്ടിവരും.