കൊല്ലത്ത് നിന്നുള്ള മരിയന്‍ അലക്‌സാണ്ടര്‍ ബേബി എന്ന എംഎ ബേബി സിപിഎമ്മിന്റെ അമരക്കാരനാകുമ്പോള്‍ കേരള ഘടകത്തില്‍ നിന്ന് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാവുകയാണ്. പ്രകാശ് കാരാട്ട് പാതിമലയാളി എന്ന കണക്കില്‍ കൂട്ടി മൂന്നാമത്തെ മലയാളി എന്നെല്ലാം പറയാമെങ്കിലും കേരള ഘടകത്തില്‍ നിന്ന് ഇഎംഎസിന് ശേഷം ഒരാള്‍ എന്നത് എംഎ ബേബി മാത്രമാണ്. അസാധാരണ നടപടികളെല്ലാം സിപിഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നെന്ന ചര്‍ച്ചകളുണ്ടാകുമ്പോള്‍ പാര്‍ട്ടി ഘടകങ്ങള്‍ തമ്മിലുള്ള കെട്ടുറപ്പും കേഡര്‍ സ്വഭാവവും എല്ലാം സംശയത്തിന്റെ ചോദ്യങ്ങള്‍ക്ക് വഴിവെയ്ക്കുന്നുണ്ട്. പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയത സംബന്ധിച്ച ചോദ്യങ്ങളുയരുന്ന പല കാര്യങ്ങള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസ് വെടിമരുന്നിട്ടിട്ടുണ്ടെന്ന് ഇരിക്കെ എംഎ ബേബിയ്ക്ക് മുന്നിലെ പാത കഠിനമായിരിക്കുമെന്നതില്‍ സംശയമില്ല. നേരത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പ്രകാശ് കാരാട്ട് എം എ ബേബിയുടെ പേര് നിര്‍ദേശിച്ചപ്പോള്‍ ബംഗാള്‍ ഘടകം അതിനെ എതിര്‍ക്കുകയും മത്സരത്തിന് അരങ്ങൊരുങ്ങുകയും ചെയ്തിരുന്നു. പിന്നീട് തുടര്‍ചര്‍ച്ചകളില്‍ ബംഗാള്‍ ഘടകവുമായി സമവായത്തിലെത്തിയതിനാല്‍ മത്സരം ഒഴിവാകുകയായിരുന്നു.
കേന്ദ്രകമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് നടന്നുവെന്ന് കൂടി വരുമ്പോള്‍ മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസ് നിലവിലെ സിപിഎം നേതൃത്വത്തിന് മേല്‍ എത്രത്തോളം വിമര്‍ശനം ഉണ്ടെന്ന ചോദ്യത്തിന് കൂടി ഉത്തരം നല്‍കുകയാണ്. മഹാരാഷ്ട്ര, യുപി ഘടകങ്ങള്‍ ശക്തിയുക്തം ഉയര്‍ത്തെഴുന്നേല്‍ക്കുകയും കേരള ഘടകത്തിന്റെ അപ്രമാദിത്യത്തില്‍ ബംഗാള്‍ ഘടകം അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതോടെ വരും ദിനങ്ങളില്‍ പാര്‍ട്ടി സെക്രട്ടറിയ്ക്ക് ഉള്‍പാര്‍ട്ടി ജനാധിപത്യം ഉറപ്പാക്കാനും ഏവരേയും ഒറ്റകെട്ടായി നിര്‍ത്താനും ശ്രദ്ധിക്കേണ്ടി വരും. ഒപ്പം ഈ കെട്ടകാലത്ത് ഫാസിസം അരങ്ങുവാഴുമ്പോള്‍ ദേശീയ പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മിന് മുന്നില്‍ വെല്ലുവിളികളേറെയാണ്. നേതൃത്വത്തിലേക്ക് എത്തിയകാലം അത്രമേല്‍ രാഷ്ട്രീയ പ്രാധാന്യം നിറഞ്ഞതാണെന്നത് പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടവീര്യത്തിന് പുതിയ പോരാട്ട പാത വെട്ടിത്തുറക്കുക കൂടിയാണ്.
എംഎ ബേബി പാര്‍ട്ടിയുടെ ബൗദ്ധിക കേന്ദ്രമായത് നീണ്ടനാള്‍ പാര്‍ട്ടിയുടെ അണിയത്തും അമരത്തും പ്രവര്‍ത്തിച്ചുവന്ന പാരമ്പര്യത്തിലാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തുടങ്ങി പാര്‍ട്ടിയുടെ ആദ്യ പേരുകാരനിലേക്ക് എത്തിയ രാഷ്ട്രീയ ജീവിതം. കൊല്ലം ജില്ലയിലെ പ്രാക്കുളത്ത് പി എം അലക്‌സാണ്ടറുടെയും ലില്ലി അലക്‌സാണ്ടറുടെയും മകനായി 1954 ഏപ്രില്‍ 5നാണ് എംഎ ബേബിയുടെ ജനനം. ഹൈസ്‌കൂള്‍ പഠനകാലത്ത് എസ്എഫ്‌ഐയുടെ ആദ്യകാല രൂപമായ കേരള സ്റ്റുഡന്റ് ഫെഡറേഷന്‍ അംഗമായാണ് ബേബിയുടെ രാഷ്ട്രീയ പ്രവേശനം. പിന്നീട് എസ്എന്‍ കോളേജിലെ യൂണിറ്റ് സെക്രട്ടറിയായി. 1975ല്‍ എസ്എഫ്ഐയുടെ കേരളാഘടകം പ്രസിഡന്റായി. 1977-ല്‍ സിപിഎമ്മിന്റെ കൊല്ലം ജില്ലാ കമ്മിറ്റിയിലുമെത്തി. 1978-ല്‍ ലോക യുവജന മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1984-ല്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗമായ എംഎ ബേബി 1988-ല്‍ പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയിലേക്കും എത്തി. നിലവിലെ പാര്‍ട്ടിനേതൃത്വത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവായ പിണറായി വിജയനും മുമ്പേ തന്നെ എംഎ ബേബി കേന്ദ്ര കമ്മിറ്റിയിലെത്തിയിരുന്നു. കോടിയേരി ബാലകൃഷ്ണനും ബേബിയ്ക്ക് ശേഷമായിരുന്നു കേന്ദ്ര കമ്മിറ്റിയിലെത്തിയത്. പക്ഷേ പിന്നീട് പോളിറ്റ് ബ്യൂറോയിലേക്ക് ബേബി എത്താന്‍ കാലതാമസമെടുത്തു. പിണറായിക്കും കോടിയേരിക്കുമെല്ലാം ശേഷമാണ് ബേബിയ്ക്ക് പിബിയിലെത്താനായത്.
1983-ല്‍ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയാവുകയും പിന്നീട് മൂന്നുകൊല്ലത്തിനിപ്പുറം 1987-ല്‍ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് പദത്തിലുമെത്തിയ ചരിത്രത്തിന് ഒടുവിലായിരുന്നു അന്ന് കേന്ദ്ര കമ്മിറ്റി പ്രവേശനം. 1986 ല്‍ തന്റെ 32ാം വയസില്‍ രാജ്യസഭാംഗമായ എം എ ബേബി രാജ്യസഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു. 1998 വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ബേബി രാജ്യസഭാ അദ്ധ്യക്ഷ പാനലിലും ഉള്‍പ്പെട്ടിരുന്നു.
2006ല്‍ കൊല്ലം കുണ്ടറയില്‍നിന്നും മല്‍സരിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെത്തി. നിയമസഭാംഗമായ എംഎ ബേബി വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ-സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായിരുന്നു. 2011-ല്‍ വീണ്ടും കുണ്ടറയുടെ എംഎല്‍എ ആയ ബേബി പക്ഷേ 2014-ല്‍ കൊല്ലത്തുനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും എന്‍ കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. അന്നത്തെ എംഎ ബേബിയുടെ പരാജയത്തിന് കാരണമായത് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ ‘പരനാറി’ പ്രയോഗമാണെന്ന ചര്‍ച്ചകളും അന്ന് നടന്നിരുന്നു. എന്തായാലും അതിന് ശേഷം കേന്ദ്രനേതൃത്വത്തിലെ പ്രവര്‍ത്തനങ്ങളില്‍ സഖാവ് ശ്രദ്ധകേന്ദ്രീകരിച്ചു.
2012ല്‍ 20ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് എംഎ ബേബി പോളിറ്റ് ബ്യൂറോയിലെത്തുന്നത്. കേന്ദ്രകമ്മിറ്റിയിലേക്ക് പിണറായിക്കും കോടിയേരിക്കും മുന്നേ എത്തിയ എംഎ ബേബി പക്ഷേ പോളിറ്റ് ബ്യൂറോയിലേക്ക് എത്തിയത് ഇരുവര്‍ക്കും ശേഷം കാലതാമസമെടുത്താണ്. കോയമ്പത്തൂരിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പിബിയിലെത്താന്‍ എംഎ ബേബിയ്ക്ക് സാധ്യത കല്‍പ്പിച്ചിരുന്നെങ്കിലും വിഎസിന്റെ എതിര്‍പ്പ് ബേബിയ്ക്ക് തിരിച്ചടിയായി. പിന്നീട് 2012ല്‍ പിബിയിലേക്ക് എംഎ ബേബിയെത്തിയത് വി എസ് അച്യുതാനന്ദന്റെ ഒഴിവിലാണെന്നതും ചരിത്രമാണ്.
സീതാറാം യെച്ചൂരിക്ക് പിന്‍ഗാമിയായി എംഎ ബേബി വരുന്നതും ഒരു കാവ്യനീതിയാണ്. ഒന്നിച്ച് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ തലപ്പത്ത് പ്രവര്‍ത്തിച്ച രണ്ടുപേരാണ് സീതാറാം യെച്ചൂരിയും എംഎ ബേബിയും. ആദ്യ കാലത്ത് ബേബിയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സീതാറാം യെച്ചൂരിയാണ് ബേബിയെ മറികടന്ന് പാര്‍ട്ടി തലപ്പത്തേക്ക് ആദ്യമെത്തിയതെന്ന് മാത്രം. യെച്ചൂരിയുടെ കയ്യില്‍ നിന്ന് ചെങ്കൊടിയേറ്റ് വാങ്ങി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാന്‍ കഴിയാത്തതാകും സഖാവ് ബേബിയ്ക്ക് ഒരു നഷ്ടമായി തോന്നിയിട്ടുണ്ടാവുക. പാര്‍ട്ടിയുടെ ബുദ്ധിജീവിയെന്ന് വിളിപ്പേരുള്ള എംഎ ബേബി പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയുടെ പല ഉപസമിതികളുടേയും ചുമതലക്കാരനായിരുന്നു കഴിഞ്ഞ കുറിയെല്ലാം. ഇപ്പോള്‍ ദേശീയ തലത്തില്‍ പാര്‍ട്ടിയെ നയിക്കാനും സിപിഎമ്മിന്റെ ആദ്യ പേരുകാരനാകാനും പാര്‍ട്ടി തീരുമാനമുണ്ടായത് ഒരു പിറന്നാള്‍ മധുരം കൂടിയാണ് സഖാവ് എംഎ ബേബിയ്ക്ക്. ഏപ്രില്‍ അഞ്ചിന് 71 വയസ് തികഞ്ഞ എംഎ ബേബിയ്ക്ക് ഏപ്രില്‍ ആറിന്റെ പാര്‍ട്ടി പ്രഖ്യാപനം ജന്മദിന സമ്മാനം കൂടിയാണ്. വലിയ ഉത്തരവാദിത്തം ചുമലിലേല്‍പ്പിച്ചു കൊടുത്തുകൊണ്ട് ജനാധിപത്യം ചോദ്യം ചെയ്യപ്പെടുന്ന ഈ കെട്ടകാലത്ത് പാര്‍ട്ടിയെ തളരാതെ മുന്നോട്ട് നയിക്കാനുള്ള കരുത്ത് ചെങ്കൊടി ഏല്‍പ്പിച്ചുകൊണ്ടു ആശംസിക്കുകയാണ് കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി.