കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തി കാര്‍ത്തിക് ആര്യന്‍; വൈറല്‍ വീഡിയോക്ക് പിന്നാലെ പ്രതികരിച്ച് താരം!

വരാനിരിക്കുന്ന മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കമല്‍നാഥിന് വേണ്ടി നടന്‍ കാര്‍ത്തിക് ആര്യന്‍ പ്രചാരണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലാണ് ഇത് സംബന്ധിച്ച വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്ന് വ്യക്തമാക്കി നടന്‍ രംഗത്തെത്തി.

യഥാര്‍ത്ഥ വീഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു കാര്‍ത്തിക് ആര്യന്റെ പ്രതികരണം. ഇതാണ് ശരിയായ വീഡിയോയെന്നും മറ്റുള്ളതെല്ലാം വ്യാജമാണെന്നും കാര്‍ത്തിക് ആര്യന്‍ എക്‌സില്‍ കുറിച്ചു. കഴിഞ്ഞ ദിവസമായിരുന്നു കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ അനുകൂലിക്കുന്ന തരത്തിലുള്ള നടന്റെ വീഡിയോ പ്രചരിച്ചത്.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെയും, ക്രിക്കറ്റ് വേള്‍ഡ് കപ്പിനെയും മറ്റ് സിനിമകളെയും ഓഫറുകളെയും കുറിച്ച് സംസാരിക്കുന്നതാണ് യഥാര്‍ത്ഥ വീഡിയോയിലുള്ളത്. സെപ്റ്റംബര്‍ 23ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഈ പരസ്യം തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പങ്കുവച്ചിരുന്നു.

ഈ വീഡിയോയില്‍ നിന്നും സിനിമകളെ കുറിച്ചും വേള്‍ഡ് കപ്പിനെ കുറിച്ചും സംസാരിക്കുന്ന ഭാഗത്ത് കോണ്‍ഗ്രസിന്റെയും മധ്യപ്രദേശില്‍ പാര്‍ട്ടി നടത്താന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികളെ കുറിച്ചും മാറ്റി നല്‍കിയും ഡബ് ചെയ്തുമായിരുന്നു പ്രചരണം.

Read more

താരം ഇതുവരെ രാഷ്ട്രീയമായി തന്റെ നിലപാട് വ്യക്തമാക്കത്തതിനാല്‍ കോണ്‍ഗ്രസിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം, കിയാര അദ്വാനിക്കൊപ്പം അഭിനയിച്ച സത്യപ്രേം കി കഥയാണ് കാര്‍ത്തിക് ആര്യന്റെതായി പുറത്തുവന്ന അവസാന ചിത്രം.