തനിക്ക് ലഭിക്കുന്ന വിദ്വേഷ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് നടന്‍ ആദില്‍ ഇബ്രാഹിം. ”മുസ്‌ലിമായ നിങ്ങള്‍ ഈ രാജ്യത്ത് ജീവിക്കുന്നു, മുസ്ലീമായി ജീവിക്കുന്ന നിങ്ങള്‍ ഹിന്ദൂയിസത്തിനകത്ത് ഏറ്റവും മോശമായത് നേരിടേണ്ടി വരുന്ന ഒരു ദിവസം വരും. ഞങ്ങള്‍ ഹൈന്ദവര്‍ നിങ്ങളെ വെറുതെ വിടില്ല, ഇഷ്ടമുള്ളത് ചെയ്യും” എന്ന തരത്തിലുള്ള വിദ്വേഷ മെസേജുകളുടെ സക്രീന്‍ ഷോട്ട് ആണ് ആദില്‍ പങ്കുവച്ചിരിക്കുന്നത്.
താനുമായി ഒരു ബന്ധവുമില്ലാത്ത ആളുകളില്‍ നിന്നാണ് ഇത്തരം വിചിത്രമായ സന്ദേശങ്ങള്‍ ലഭിക്കുന്നത് എന്നാണ് ആദില്‍ പറയുന്നത്. ഈ പോസ്റ്റ് ചര്‍ച്ചകള്‍ക്കോ സഹതാപത്തിനോ വിദ്വേഷം വിതറാനോ വേണ്ടിയല്ല, ചെറിയ രൂപത്തിലുള്ള വിദ്വേഷത്തില്‍ നിന്നാണെങ്കിലും ഒഴിഞ്ഞു നില്‍ക്കേണ്ട ആവശ്യമുണ്ടെന്ന് ബോധവാന്‍മാരാക്കാനാണ് പങ്കുവയ്ക്കുന്നത് എന്നാണ് ആദില്‍ കുറിച്ചിരിക്കുന്നത്.
ആദിലിന്റെ കുറിപ്പ്:
ഞാന്‍ ഈ പോസ്റ്റ് ഉടന്‍ ഡിലീറ്റ് ചെയ്‌തേക്കാം. എനിക്ക് അനുകൂലമായോ പ്രതികൂലമായോ അഭിപ്രായങ്ങള്‍ വരുമെന്നുറപ്പാണെങ്കിലും എനിക്ക് ഇതിവിടെ പുറത്തുവിട്ടേ മതിയാകൂ. ക്ഷമിക്കണം. രണ്ട് വര്‍ഷത്തോളമായി, സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നതില്‍ നിന്നും ഞാന്‍ പൂര്‍ണമായും വിട്ടുനില്‍ക്കുന്നു, എന്നാല്‍ അറിവ് അന്വേഷണത്തിനും ലോകത്തെ മനസ്സിലാക്കുന്നതിനും എന്റെ മനസ്സിനെ ഉറപ്പിച്ചു നിര്‍ത്തുന്നതിനും ഞാന്‍ ഇവിടെ സജീവമായി നില്‍ക്കുന്നു.
എന്നാല്‍ ഇവിടെ നില്‍ക്കുമ്പോഴെല്ലാം എനിക്ക് ഇത്തരം വിചിത്രമായ മെസേജുകള്‍ ഓരോ തവണയും ലഭിക്കുന്നു. ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളില്‍ നിന്നും കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തില്‍ വിധിയെഴുതുന്ന മനുഷ്യരുടെയടുത്ത് നിന്നുമുള്ള വെറുപ്പിന്റെ സന്ദേശങ്ങള്‍ ആണിത്. വിദ്വേഷ സന്ദേശങ്ങളോടുള്ള എന്റെ ഏറ്റവും അവസാന പ്രതികരണമാണിത്. എനിക്കറിയാം, ഞാന്‍ ഒരു നല്ല മനുഷ്യനാണെന്ന്, അതിന് ആരുടെയും സാധൂകരണം ആവശ്യമില്ല. ഇനിയും മികച്ചതാവാനാണ് ഞാന്‍ പരിശീലിക്കുന്നതും.
എന്റെ വിശ്വാസത്തിലേക്ക് ഞാന്‍ ആരെയും ബലം പ്രയോഗിച്ച് തള്ളിവിടാറില്ല. വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നതില്‍ വിശ്വസിച്ച് സമാധാനത്തോടെ ജീവിക്കാന്‍ എന്നെ അനുവദിക്കൂ. വെറുക്കപ്പെടുമെന്ന ഭയമില്ലാതെ ഞാന്‍ ജീവിക്കട്ടെ. എന്തെന്നാല്‍ കുറച്ച് ആളുകള്‍ എന്റെ പേരിനെ വെറുക്കുന്നു. ഞാന്‍ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ഇവിടെ പങ്കുവെക്കാറില്ല, എന്നാല്‍ ഇപ്പോള്‍ എല്ലാ പരിധികളും കടക്കുന്നു. അതിനാല്‍ ഇത് കാണുന്ന അത്തരം സന്ദേശങ്ങള്‍ അയക്കുന്നവര്‍ അറിയാന്‍, ഞാന്‍ നിങ്ങളെ ഭയപ്പെടുന്നില്ല, എനിക്ക് നിങ്ങളോട് സഹതാപം മാത്രമേയുള്ളൂ.
മനുഷ്യരുടെ മനസ്സുകള്‍ വിശാലമാണ്, അതില്‍ അവര്‍ക്ക് വിവേകത്തോടെയുള്ള തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമുണ്ട്. ഈ ലോകം മനോഹരമാണ്. നമ്മളില്‍ നിന്നും നമ്മളെ തന്നെ രക്ഷിക്കേണ്ട ഒരു സ്ഥലത്ത് നമ്മള്‍ എത്താതിരിക്കട്ടെ. ഈ പോസ്റ്റ് ചര്‍ച്ചകള്‍ക്കോ സഹതാപത്തിനോ വിദ്വേഷം വിതറാനോ വേണ്ടിയല്ല, മറിച്ച്, ഇനിയങ്ങോട്ടെങ്കിലും ചെറിയ രൂപത്തിലുള്ള വിദ്വേഷത്തില്‍ നിന്നാണെങ്കിലും ഒഴിഞ്ഞു നില്‍ക്കേണ്ട ആവശ്യമുണ്ടെന്ന് എല്ലാവരേയും ബോധവാന്‍മാരാക്കാനാണിത്. ലോകത്തെ അതിന്റെ വൈവിധ്യത്തോടെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ മനസ്സിനും ഹൃദയത്തിനും സാധിക്കേണ്ടതായുണ്ട്.