‘അച്ഛനെ വേണ്ടാത്ത മകള്‍ക്ക് അച്ഛന്റെ പണം എന്തിനാണ്’ എന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഗായിക അമൃത സുരേഷ്. വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ബാല കൃത്രിമത്വം കാണിച്ചു പരാതിയുമായി മുന്‍ ഭാര്യയായ അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. മകളുടെ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് തന്റെ വ്യാജ ഒപ്പിട്ടു എന്നാണ് അമൃതയുടെ പരാതി.
പിന്നാലെ അമൃതയ്ക്കും കുടുംബത്തിനുമെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണങ്ങള്‍ ഉയരുകയായിരുന്നു. ‘അച്ഛനെ വേണ്ടാത്ത മകള്‍ക്ക് അച്ഛന്റെ പണം എന്തിനാണ്’ എന്ന വിമര്‍ശനങ്ങളാണ് കൂടുതലായി ഉയര്‍ന്നത്. ഇതോടെയാണ് അമൃത വിശദീകരണവുമായി രംഗത്തെത്തിയത്. പണം വേണമെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല എന്നാണ് അമൃത പറയുന്നത്.
”ഇന്‍ഷുറന്‍സ് തുക ഞാന്‍ ചോദിച്ചിട്ടില്ല, ഈ കേസ് ഡോക്യുമെന്റ് ഫോര്‍ജറി (വ്യാജ രേഖകള്‍) & എന്റെ വ്യാജ ഒപ്പിട്ട് കോടതി രേഖകളില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായതാണ്. പണം വേണമെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. കാര്യങ്ങളെ പിആര്‍ വര്‍ക്കിലൂടെ വ്യതിചലിപ്പിച്ച് വീണ്ടും എനിക്കെതിരെയുള്ള ഈ സൈബര്‍ ആക്രമണം നിര്‍ത്തുക. Please STOP these cheap PR games !” എന്നാണ് അമൃത ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
തനിക്കെതിരെ എത്തുന്ന ചില വിമര്‍ശനങ്ങളുടെ കുറിപ്പുകള്‍ അടക്കം പങ്കുവച്ചു കൊണ്ടാണ് അമൃതയുടെ പ്രതികരണം. ”കഴിഞ്ഞ രണ്ട് ദിവസമായി, സോഷ്യല്‍ മീഡിയയില്‍ ഒരേ ഫോട്ടോയും സമാന ഉള്ളടക്കവുമുള്ള പോസ്റ്റ് പ്രചരിക്കുന്നത് കാണുന്നുണ്ട്. ഇതില്‍ ഞാന്‍ പറയാത്തൊരു പ്രസ്താവനയുമുണ്ട്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന് വ്യക്തം.”
”അവര്‍ പറയുന്നത് പോലെ ഇന്‍ഷുറന്‍സ് പോളിസി റദ്ദാക്കാനുള്ള കേസ് അല്ല ഇത്” എന്ന് അമൃത കുറിച്ചു. ”എനിക്കോ മകള്‍ക്കോ തുക ആവശ്യമാണെന്നുള്ള വാദം കെട്ടിച്ചമച്ചതാണ്. ഒരുപോലെയുള്ള വാക്കുകള്‍ പല സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നുന്നത് പിആര്‍ ക്യാംപയിന്റെ തെളിവാണ്. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കും” എന്നും അമൃതയുടെ വിശദീകരണത്തിലുണ്ട്.